വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് വീടിന് തീവച്ചു; അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് വീടിന് തീവച്ചു. വര്‍ക്കല താന്നിമൂട്ടില്‍ വള്ളിക്കുന്ന് വീട്ടില്‍ ഗോപിയുടെ വീടിനാണ് മകന്‍ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാര്‍ (38) ആണ് സ്വന്തം വീടിന് തീവച്ചത്. ഇയാള്‍ മയക്ക് മരുന്നുള്‍പ്പെടെ ലഹരിക്കടിമയാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. തീപിടിത്തത്തില്‍ വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടുപകരണങ്ങളും വീട്ടില്‍ ഉണ്ടായിരുന്ന രേഖകള്‍ ഉള്‍പ്പടെയും കത്തി നശിച്ചതായി പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയാണ് തീ അണച്ചു. രണ്ട് മുറികളുള്ള ഷീറ്റ് മേഞ്ഞ വീട് ആണ് ഗോപകുമാര്‍ കത്തിച്ചത്. സംഭവ സമയത്ത് ഗോപകുമാറിന്റെ അമ്മ ഉഷയും മകന്‍ ശ്യം കുമാറും വീട്ടില്‍ ഉണ്ടായിരുന്നു. തീപിടിച്ചതോടെ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവാക്കാനായി.

ഗോപകുമാറിന്റെറെ പിതാവ് ഗോപി ഒരു വശം പൂര്‍ണ്ണമായും തളര്‍ന്ന് കിടപ്പാണ്. നിരന്തരം മദ്യപാനവും ഉപദ്രവും ആയതോടെ ഗോപകുമാറിന്റെ ഭാര്യ ഒരു വര്‍ഷത്തോളമായി ഇയാളില്‍ നിന്ന് മാറി ആണ് താമസിക്കുന്നത്. ഗോപകുമാര്‍ മദ്യപിച്ച് വീട്ടില്‍ എത്തി സ്ഥിരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഗോപകുമാര്‍ ആക്രമിക്കും എന്ന ഭയം ഉള്ളത് കൊണ്ട് തന്നെ ഇവര്‍ അടുത്ത വീട്ടിലേക്ക് മാറിയാണ് താമസിച്ചിരുന്നത്. ഇന്നലെയും പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ ഗോപകുമാര്‍ മകനുമായി വഴക്കിട്ടു. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു എന്നാണ് വര്‍ക്കല പൊലീസ് പറയുന്നത്. സ്ഥലത്തെത്തിയ വര്‍ക്കല പൊലീസ് ഗോപകുമാറിനെ കസ്റ്റഡിയില്‍ എടുത്തു