പത്തനാപുരം: പറഞ്ഞ വാക്കു പാലിച്ച് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ. കഴിഞ്ഞ ദിവസമാണ് പത്തനാപുരം കമുകുംചേരി അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീടുവെച്ച് നൽകുമെന്ന് വാക്കുനൽകിയത്. ഗണേഷ് കുമാർ ഇവരെ സന്ദർശിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ‘‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. വീടും തരും.’’ – ഗണേഷ് കുമാർ അർജുന് വാക്കുനൽകി. ആ വാക്കാണ് ഗണേഷ്കുമാർ പാലിച്ചത്. വീടിന്റെ തറക്കല്ലിടൽ കർമം എംഎൽഎ നിർവഹിച്ചു. സന്തോഷത്താൽ അർജുൻ ഗണേഷ് കുമാറിനെ ചേർത്തുപിടിച്ച് ഉമ്മവെച്ചു. താനൊരു നിമിത്തം മാത്രമാണെന്നും ദൈവമാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഞാനല്ല ഈ വീട് നിർമിച്ച് നൽകുന്നത്, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണ്. കമുകുംചേരിയിൽ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് ജില്ലാ പഞ്ചായത്ത് മെംബറായ സുനിത രാജേഷ് അർജുന്റെ കാര്യം പറയുന്നത്. പഠനത്തിൽ മിടുക്കനായ അർജുന് അമ്മ മാത്രമേയുള്ളൂവെന്നും നല്ല വീടില്ലെന്നും സുനിത ഗണേഷ്കുമാറിനോട് പറഞ്ഞു.