‘ചേച്ചിക്ക് കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ’; ചിത്രം പങ്കുവച്ച് സുബിയുടെ സഹോദരൻ

നടി സുബി സുരേഷ് വിടപറഞ്ഞത് കുറച്ചു ദിവസങ്ങൾക്കു മുമ്പാണ്. ആരോ​ഗ്യം മോശമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങവെയായിരുന്നു അപ്രതീക്ഷിത വിയോ​ഗം. കഴിഞ്ഞ ദിവസം സുബിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടും സജീവമായി. മരിക്കുന്നതിനു മുൻപ് എടുത്തുവച്ച വിഡിയോകളാണ് പോസ്റ്റ് ചെയ്തത്. ഇപ്പോൾ സുബിയുടെ ജീവിതത്തിലെ വളരെ സ്പെഷ്യലായ ഒരാളെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് സഹോദരൻ എബി. 

സുബിയ്ക്ക് കരൾ പകുത്തു നൽകാൻ തയാറായ ബന്ധുവിനെക്കുറിച്ചാണ് എബി പറഞ്ഞത്. താരത്തിന്റെ ബന്ധു ജിഷയാണ് കരൾ നൽകാൻ തയാറായത്. ജിഷയും സുബിയും ഒന്നിച്ചുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ചേച്ചിയുടെ ആരോഗ്യം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ’- എന്ന അടിക്കുറിപ്പിലായിരുന്നു പോസ്റ്റ്. 

ഫെബ്രുവരി 22നാണ് സുബി വിടപറയുന്നത്. തെറ്റായ ജീവിതരീതിയാണ് തന്റെ ആരോ​ഗ്യം തകർത്തതെന്ന് വളരെ മുൻപ് സുബി തന്നെ വ്യക്തമാക്കിയിരുന്നു. 41ാം വയസിലെ താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം സഹപ്രവർത്തകർക്കും ആരാധകർക്കുമെല്ലാം വേദനയായി. മരിക്കുന്നതിനു രണ്ടു മാസം മുൻപ് പകർത്തിയ സുബിയുടെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിഡിയോകൾ പോസ്റ്റ് ചെയ്യണമെന്നത് ചേച്ചിയുടെ ആ​ഗ്രഹമായിരുന്നെന്നും എടുത്തുവച്ചിരിക്കുന്ന വിഡിയോകൾ പോസ്റ്റു ചെയ്യുമെന്ന് എബി പറഞ്ഞിരുന്നു.