ഐഎസ്എല്‍ കിരീടം നേടിയ എടികെയെ അഭിനന്ദിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്; കര്‍മഫലമെന്ന് ബെംഗളൂരുവിനോട് ആരാധകര്‍

മഡ്ഗാവ്: ഐ എസ് എല്ലില്‍ ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ച് കിരീടം നേടിയ എടികെ മോഹൻ ബഗാനെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് അഭിനന്ദനം അറിയിച്ചത്. പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിനെ വിവാദഗോളിൽ തോൽപിച്ചാണ് ബെംഗളുരു എഫ് സി സെമിയിൽ കടന്നത്. ഈ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിനെ തോൽപിച്ച എടികെ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് അഭിനന്ദിച്ചിരിക്കുന്നത്.അഭിനന്ദനങ്ങള്‍ എടികെ മോഹന്‍ ബഗാന്‍ കിരീടം നേടിയതിന് എന്ന ഒറ്റവരിയിലാണ് ബ്ലാസ്റ്റേഴ്സ് അഭിനന്ദന സന്ദേശം എഴുതിയിരിക്കുന്നത് എങ്കിലും വരികള്‍ക്കിടയില്‍ ആരാധകര്‍ അതിന് ഒട്ടേറെ അര്‍ത്ഥം കണ്ടെത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ അഭിനന്ദന സന്ദേശത്തിന് താഴെയും ബെംഗളൂരുവിനെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും കര്‍മഫലമാണിതെന്നും ബ്ലാസ്റ്റഴ്സ് ആരാധകര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ഐ എസ് എല്‍ പ്ലേ ഓഫിൽ റഫറി അനുവദിച്ച വിവാദ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു ജയിച്ച് സെമിയിലെത്തിയത്. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു.കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോയത്.