മൂന്ന് മലയാളി യുട്യൂബര്‍മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിൽ

കോയമ്പത്തൂർ: ട്രാൻസ്‌ജെൻഡർ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ മൂന്ന് മലയാളി യുട്യൂബര്‍മാര്‍ അറസ്റ്റിൽ. ജെ ദിലീപ് (33), എസ് കിഷോർ (23), എച്ച് സമീർ (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കൗണ്ടംപാളയത്തുവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അർധരാത്രിയോടെ മൂവരും കാറിൽ ഊട്ടിയിലേക്ക് പോകവെ കൗണ്ടംപാളയത്തുവെച്ച് റോഡരികിൽനിന്നിരുന്ന ട്രാൻസ്ജെൻഡർ യുവതിയെ കണ്ട് പുറത്തിറങ്ങി. തുടർന്ന് യുവതിയുമായി സംസാരം വാക് തർക്കത്തിലെത്തി. ഇതിനിടയിലാണ് ദിലീപ് എയർ പിസ്റ്റൾ തോക്ക് ചൂണ്ടി കീഴ്പ്പെടുത്താൻ ശ്രമിച്ചത്. ചോദ്യംചെയ്ത നാട്ടുകാരെയും ഇവർ ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസമയത്ത് പ്രതികൾ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. തോക്കും കാറും പൊലീസ് പിടിച്ചെടുത്തു. അതിക്രമത്തിനിരയായ പുതുക്കോട്ട സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് മൂവരെയും കോടതിയിൽ ഹാജരാക്കി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് കോയമ്പത്തൂർ സെൻട്രൽ ജയിലിലയച്ചു