കോഴിക്കോട് • കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു യുവാവിനെ സഹയാത്രികൻ ആക്രമിച്ചു പുറത്തേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. ആക്രമിക്കുന്നതും പുറത്തേക്കു തള്ളിയിടുന്നതും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ (48) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ്സു തോന്നിക്കും.മംഗളൂരു– തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. പ്രതിയും യുവാവും ട്രെയിനിനുള്ളിൽ തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തർക്കത്തിനു പിന്നാലെയാണ് യുവാവിനെ തള്ളിയിട്ടത്. കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിനു സമീപമാണു യുവാവ് വീണത്.ട്രെയിൻ യാത്രയ്ക്കിടെ യുവാവുമായി സോനു മുത്തു വഴക്കിടുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നു. മറ്റു യാത്രക്കാർ വിവരം നൽകിയതിനെ തുടർന്ന്, ട്രെയിൻ കോഴിക്കോട്ടെത്തിയപ്പോൾ അക്രമിയെ പൊലീസ് പിടികൂടി.