കുടിവെള്ളമില്ലാതെ അഞ്ചുതെങ്ങ്

കടലോര ഗ്രാമപഞ്ചായത്തായ അഞ്ചുതെങ്ങില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. ജലഅതോറിട്ടി വക പൈപ്പില്‍ ജലവിതരണം നടന്നിട്ടു രണ്ടാഴ്ച പിന്നിട്ടിരിക്കേ വെള്ളത്തിനായി സമീപ പഞ്ചായത്തു പ്രദേശങ്ങളിലേക്കു നാട്ടുകാര്‍ പരക്കം പായുന്ന സ്ഥിതിയാണു പഞ്ചായത്തു പ്രദേശത്തൊട്ടാകെ സംജാതമായിട്ടുള്ളത്. കായിക്കര, നെടുങ്ങണ്ട, ഒന്നാം പാലം പ്രദേശങ്ങളില്‍ തുള്ളിവെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇതുമൂലം നരക യാതനയിലാണു ജനങ്ങള്‍. അഞ്ചുതെങ്ങ് ജംക്ഷന്‍,പൂത്തുറ, കേട്ടുപുര, പഞ്ചായത്ത് ഓഫീസ്, ലൈറ്റ്ഹൗസ്,പുതുവല്‍പുരയിടം, മുതലപ്പൊഴി എന്നിവിടങ്ങളിലും കുടിവെള്ളമെത്തിയിട്ടു ദിവസങ്ങള്‍ പിന്നിടുകയാണ്. നിലയ്ക്കാമുക്കിനു സമീപമുള്ള റിസര്‍വോയറില്‍ നിന്നാണു അഞ്ചുതെങ്ങിലേക്കു കുടിവെള്ളമെത്തിച്ചു വന്നിരുന്നത്. എന്നാല്‍ വേനല്‍ കടുത്തതോടെ ആറ്റിങ്ങലില്‍ നിന്നു വെള്ളമെത്തിക്കാന്‍ കഴിയാത്തതാണു ജലക്ഷാമത്തിനു വഴിയൊരുക്കിയതെന്നു അധികൃതര്‍ പറയുന്നു. പൈപ്പുവെള്ളം മാത്രമാണു അഞ്ചുതെങ്ങ് നിവാസികള്‍ക്കു ആശ്രയമായിട്ടുള്ളത്.

നേരത്തെ ആഴ്ചയില്‍ രണ്ടുദിവസം ഇവിടേയ്ക്കു ജലവിതരണം നടത്തിവന്നിരുന്നതാണ്. എന്നാല്‍ പമ്പുചെയ്തുവിടുന്ന വെള്ളത്തില്‍ ഏറിയപങ്കും പാതിവഴിയില്‍ നഷ്ടപ്പെടുന്നതുമൂലം ഏറെപ്പേര്‍ക്കും വെള്ളം കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടാക്കുന്നു.മെയിന്‍ പൈപ്പുകളില്‍ ഇടയ്ക്കിടെ പൊട്ടലുണ്ടായി ലീറ്റര്‍ കണക്കിനു കുടിവെള്ളം പാഴായിപ്പോകുന്നതു ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നതും ജലക്ഷാമത്തിനു ശക്തിപകരുകയാണിവിടെ. ഗ്രാമപഞ്ചായത്തിലെ തെരുവോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ശുദ്ധജലടാപ്പുകള്‍ തകര്‍ന്നുകിടക്കുന്നതും തീരപ്രദേശത്തുകാര്‍ക്കു വിനയായി മാറിക്കഴിഞ്ഞു. വേനല്‍ കടുത്തിട്ടും യഥാസമയം പൈപ്പുലൈനുകളിലും പൊതുടാപ്പുകളിലും അറ്റകുറ്റപണികള്‍ നടത്താന്‍ ഇനിയും നടപടി കൈക്കൊള്ളാത്ത ആറ്റിങ്ങല്‍ ജലഅതോറിട്ടി അധികൃതരുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ വന്‍ പ്രതിഷേധ സമരപരിപാടികള്‍ക്കു കോപ്പുകൂട്ടുകയാണു അഞ്ചുതെങ്ങ് നിവാസികള്‍.