രാജ്ഭവനിൽ അറ്റകുറ്റപ്പണി; രാഷ്ട്രപതി ഹോട്ടലിൽ

തിരുവനന്തപുരം • രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് എത്തുമ്പോൾ ഹയാത്ത് റീജൻസി ഹോട്ടലിൽ താമസിക്കുന്നതു രാജ്ഭവനിൽ അറ്റകുറ്റപ്പണി നടക്കുന്നതു മൂലം. രാഷ്ട്രപതിമാർ തിരുവനന്തപുരത്തെത്തുമ്പോൾ രാജ്ഭവൻ വളപ്പിലുള്ള ഗെസ്റ്റ് ഹൗസിലെ പ്രസിഡൻഷ്യൽ സ്വീറ്റിലാണു താമസിക്കാറുള്ളത്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അപ്പാർട്മെന്റിൽ മരപ്പട്ടി ശല്യം മൂലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുറെക്കാലമായി അദ്ദേഹം പ്രസിഡൻഷ്യൽ സ്വീറ്റിലാണു താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഓഫിസും പഴ്സനൽ സ്റ്റാഫിന്റെ ഓഫിസും ഇപ്പോൾ ഗെസ്റ്റ് ഹൗസിലാണ്.രാഷ്ട്രപതിയുടെ സന്ദർശന പരിപാടിയിൽ വള്ളിക്കാവ് അമൃതാനന്ദമയി മഠം കൂടി ഉൾപ്പെടുത്തി. 16ന് ഉച്ചയ്ക്ക് 1.30നു കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച ശേഷം 4.30ന് ഐഎൻഎസ് ദ്രോണാചാര്യയിലെ ചടങ്ങിൽ സംബന്ധിക്കും. രാത്രിയോടെയാണ് തിരുവനന്തപുരത്തെത്തും. 17നു രാവിലെ 9.30നു ഹെലികോപ്റ്ററിൽ അമൃതാനന്ദമയി മഠത്തിലേക്കു പോകും. തിരിച്ചെത്തിയ ശേഷം കവടിയാർ ഉദയ്പാലസ് കൺവെൻഷൻ സെന്ററിൽ കുടുംബശ്രീയുടെ പരിപാടിയിൽ സംബന്ധിക്കും. ഉച്ചഭക്ഷണ ശേഷം ലക്ഷദ്വീപിലേക്ക് തിരിക്കും.