തിരുവനന്തപുരം:ആറ്റുകാൽപൊങ്കാലയോടനുബന്ധിച്ച് അഗ്നി രക്ഷാ വകുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

തിരുവനന്തപുരം:ആറ്റുകാൽപൊങ്കാലയോടനുബന്ധിച്ച് അഗ്നി രക്ഷാ വകുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊങ്കാലയുടെ ഭാഗമായി തീ പിടിക്കാൻ സാധ്യതയുളള പ്രദേശങ്ങളിലെ കെട്ടിടങ്ങൾ, മറ്റു വസ്തുവകകൾ എന്നിവ കണ്ടെത്തി അവ സുരക്ഷിതമാക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ അഗ്നി രക്ഷാ വകുപ്പ് സ്വീകരിച്ചട്ടുണ്ട്. പൊങ്കാല നടക്കുന്ന പ്രദേശത്തെ പെട്രോൾ പമ്പുകളിലും ഗ്യാസ് ഗോഡൗണുകളിലും ഈ സമയത്ത് പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. കൊവിഡ് കാലത്തിന് മുമ്പുള്ള അഗ്നി സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ പൊങ്കാലയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം റീജിയണൽ ഫയർ ഓഫീസറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് സമീപം പൊങ്കാല അടുപ്പുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള ഇന്ധനങ്ങൾ, തടികൾ, ഗ്യാസ് സിലിണ്ടറുകൾ, ചാർക്കോൾ, ഗ്രിൽ, പോപ്പ്കോൺ മെഷീനുകൾ, എന്നിവ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റേണ്ടതാണ്. വൈദ്യുത അലങ്കാരങ്ങൾ, ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്റർ എന്നിവയുടെ ഇലക്ട്രിക് വയറുകൾ, എക്സ്റ്റൻഷൻ കേബിളുകൾ എന്നിവയിൽ ലൂസ് കോൺടാക്ട്, ഇൻസുലേഷൻ കവറിംഗ് വിട്ടുപോയവ, മറിഞ്ഞു മാറിയവ എന്നിവ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടതാണ്.ജനറേറ്ററുകൾക്കുളള ഇന്ധനങ്ങൾ സുരക്ഷിത സ്ഥാനത്ത് സൂക്ഷിക്കേണ്ടതും ഫയർ എക്സ്റ്റിൻഗ്യൂഷർ നിർബന്ധ മായും ഉപയോഗിക്കേണ്ടതാണ്. പൊങ്കാല അടുപ്പുകൾക്ക് സ്ഥലം ഹൈഡ്രജൻ, എത്തി ലീൻ തുടങ്ങിയവ ഉപയോഗിക്കുന്ന ബലൂണുകളുടെ വിപണനം ഒഴിവാക്കണം. പൊങ്കാല അടുപ്പുകളിൽ നിന്നും വസ്ത്രങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രദ്ധിക്കുക. അയഞ്ഞ വസ്ത്രങ്ങൾ, പെട്ടെന്ന് തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള സിന്തറ്റിക് ഫൈബർ വസ്ത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. കോട്ടൺ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. പൊള്ളലേറ്റാൽ തണുത്ത വെള്ളം പെട്ടെന്ന് ധാര ചെയ്യുക. ആംബുലൻസ് സേവനം ഉപയോഗിക്കുക. പൊങ്കാല അടുപ്പുകൾക്ക് സമീപം തീപിടിക്കാൻ സാധ്യതയുള്ള സാനിറ്റൈസ ർ, ബോഡി സ്‌പ്രേ ,വിറക്, സഞ്ചികൾ, മറ്റു വസ്തുക്കൾ എന്നിവ ഒഴിവാക്കുക. അടുപ്പുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കുക. കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നിർത്താൻ പാടില്ല. പൊങ്കാല കഴിഞ്ഞ് പരിസരം വിട്ടു പോകുന്നതിന് മുമ്പ് അടുപ്പിലെ തീ അണഞ്ഞു എന്നുറപ്പ് വരുത്തേണ്ടതാണ്.വൈദ്യുത ജനറേറ്ററുകൾ, പെട്രോൾ പമ്പുകൾ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, അപകട സാധ്യതയുള്ള മതിലുകൾ, പരസ്യബോർഡുകൾ, ഉണങ്ങിയ മരങ്ങൾ എന്നിവയുടെ ചുവട്ടിലോ സമീപത്തോ പൊങ്കാല അടുപ്പുകൾ സ്ഥാപിക്കരുത്. പകൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലായതിനാൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ട്.നിർജ്ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കണം. അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം മെഡിക്കൽ ടീമിൻ്റെ സഹായം തേടേണ്ടതാണ്. അടിയന്തിര ഘട്ടങ്ങളിൽ അഗ്നിശമന സേനയുടെ സഹായത്തിനായി 101 ൽ വിളിക്കുക.