മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈയിൽ. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ബോര്‍ഡ്-ഗവാസ്‌കര്‍ പരമ്പര നിലനിര്‍ത്തുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇടം പിടിക്കുകയും ചെയ്ത ടീം ഇന്ത്യയുടെ ഇനിയുള്ള ദൗത്യം ഏകദിന ലോകകപ്പിന് നന്നായി ഒരുങ്ങലാണ്. അടുത്ത ജൂലൈ വരെ ഏകദിന പരമ്പരകൾ ഇല്ലാത്തതിനാൽ ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങൾ ലോകകപ്പിനുള്ള ടീമിനെ കണ്ടെത്തുന്നതിനുള്ള തുടക്കം കുറിക്കൽ കൂടിയാണ്.എന്നാൽ മുഴുവൻ താരങ്ങളുമില്ലാത്തത് ടീം ഇന്ത്യക്ക് തിരിച്ചടിയാണ്. ജസ്പ്രീത് ബുമ്രയ്ക്കും റിഷഭ് പന്തിനും പുറെ ശ്രേയസ് അയ്യരും പരിക്കേറ്റ് പുറത്തായിട്ടുണ്ട്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവാണ് ആശ്വാസം. കുടുംബപരമായ കാര്യങ്ങൾ ആദ്യ ഏകദിനത്തില്‍ നിന്ന് വിട്ടുനിൽക്കുന്ന ക്യാപ്റ്റൻ രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയായിരിക്കും മുംബൈയില്‍ ടീം ഇന്ത്യയെ നയിക്കുക. സമീപകാല ലോകകപ്പുകളിലെ മോശം പ്രകടനം കാര്യമാക്കുന്നില്ലെന്നും ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. ശുഭ്മാൻ ഗില്ലിനൊപ്പം ഇഷാൻ കിഷൻ ഓപ്പണ്‍ ചെയ്യുമെന്ന് പറഞ്ഞ ഹാര്‍ദിക് പാണ്ഡ്യ ആദ്യ ഇലവനിൽ മറ്റാരൊക്കെയുണ്ടാകുമെന്ന് വ്യക്തമാക്കിയില്ല. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഉറപ്പാണ്. വാങ്കഡെയിലേത് ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചായതിനാൽ നന്നായി ബാറ്റ് കൂടെ ചെയ്യുന്ന ഷര്‍ദ്ദുൽ താക്കൂറിന് നറുക്ക് വീണേക്കും. ജഡേജയ്ക്ക് കൂട്ടായി കുൽദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‍വേന്ദ്ര ചഹൽ എന്നിവരിൽ ആരെത്തുമെന്നതിലാണ് ആകാംഷ. പരിക്ക് മാറി ഡേവിഡ് വാര്‍ണര്‍, മിച്ചൽ മാര്‍ഷ്, ഗ്ലെൻ മാക്‌സ്‌വെല്‍ എന്നിവര്‍ കൂടി എത്തുന്നതോടെ കങ്കാരുക്കളും കരുത്തുറ്റ നിരയാകും.