തലൈവരുടെ വിളി എത്തി, രജനീകാന്തിനെ വീട്ടിൽ പോയി കണ്ട് സഞ്ജു സാംസൺ;

രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലൂടെ സഞ്ജു തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. രജനീകാന്ത് തന്നെയാണ് സഞ്ജുവിനെ വീട്ടിലേക്ക് ക്ഷണിച്ചത്.
‘‘ഏഴാം വയസ്സിൽ തന്നെ ഞാനൊരു സൂപ്പർ രജനി ഫാനായിരുന്നു. ഒരു ദിവസം ഞാൻ രജനി സാറിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കാണുമെന്നു എന്റെ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. 21 വര്‍ഷങ്ങൾക്കു ശേഷം ആ ദിവസം വന്നെത്തി, തലൈവർ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു’’- രജനീകാന്തിനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് സഞ്ജു സാംസൺ കുറിച്ചു. പൊന്നാട പുതപ്പിച്ചാണ് രജനീകാന്ത് സഞ്ജുവിനെ വീട്ടിലേക്ക് സ്വീകരിച്ചത്. താരത്തിന്റെ ഭാര്യ ലത ക്രിക്കറ്റ് താരത്തിന് സമ്മാനവും നൽകി. സൂപ്പർതാരത്തിനോടുള്ള ആരാധന സഞ്ജു പല സ്ഥലത്തും വ്യക്തമാക്കിയിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിനുള്ള ഒരുക്കങ്ങളിലാണു സഞ്ജുവിപ്പോൾ. രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസൺ.