തിരുവല്ല നഗരസഭ സെക്രട്ടറിയെയും ഓഫിസ് അറ്റൻഡറെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. നഗരസഭാ സെക്രട്ടറി സ്റ്റാന്‍ലിന്‍ നാരായണനാണ് അറസ്റ്റിലായത്. ഖരമാലിന്യ നിര്‍മാര്‍ജന യൂണിറ്റുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.നഗരസഭ സെക്രട്ടറി അമ്പലപ്പുഴ സ്വദേശി നാരായണൻ സ്റ്റാലിൻ അറ്റൻഡർ മണ്ണടി സ്വദേശി ഹസീന ബീഗം എന്നിവരാണ് അറസ്റ്റിലായത്. സെക്രട്ടറിയുടെ മുറിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. നഗരത്തിലെ ഖരമാലിന്യ സംസ്കരണ യൂണിറ്റ് ഏറ്റെടുത്തു നടത്തുന്ന ക്രിസ് ഗ്ലോബൽ കമ്പനി ഉടമ എം. ക്രിസ്റ്റഫറിൽ നിന്നു വാങ്ങിയ 25000 രൂപ ഹസീന ബീഗത്തിൽ നിന്നു കണ്ടെടുത്തു. നഗരസഭയിലെ യൂണിറ്റ് നടത്തുന്നതിന് ക്രിസ്റ്റഫറിനു 2024 വരെ അനുമതി നൽകിയിട്ടുണ്ട്. യൂണിറ്റിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സെക്രട്ടറി പല തവണ പണം ആവശ്യപ്പെട്ടു. രണ്ടു ലക്ഷം രൂപയാണ് ചോദിച്ചത്. ഇത്രയും തരാനില്ലെന്നു പറഞ്ഞപ്പോൾ ഇൻകം ടാക്സ് അടയ്ക്കാൻ ഇന്നലെ 25000 രൂപ തന്നേ പറ്റൂ എന്ന് ആവശ്യപ്പെട്ടു. തുടർന്ന് ക്രിസ്റ്റഫർ വിവരം വിജിലൻസിനെ അറിയിച്ചു. ക്രിസ്റ്റഫർ എടിഎമ്മിൽ നിന്നെടുത്ത 500 ന്റെ നോട്ടുകളിൽ വിജിലൻസ് സംഘം ഫിനോഫ്തലിൻ പുരട്ടി നൽകി.ക്രിസ്റ്റഫർ പണം ഓഫിസിലെത്തി സെക്രട്ടറിക്കു നൽകി. പണം വാങ്ങിയ സെക്രട്ടറി ഹസീന ബീഗത്തെ വിളിച്ച് ഏൽപിച്ചു. ഇവർ ഓഫിസിനു പുറത്തേക്ക് ഇറങ്ങാൻ വാതിൽ തുറന്നപ്പോൾ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ഹസീനയുടെ കൈവശം ഒളിപ്പിച്ചുവച്ചിരുന്ന 25000 രൂപയും കണ്ടെടുത്തു. പണം ബാങ്കിൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ അടയ്ക്കാനാണ് ഏൽപിച്ചതെന്ന് ഇവർ മൊഴി നൽകി. ഓഫിസിലെ ക്യാഷ് റജിസ്റ്ററിൽ രേഖപ്പെടുത്താത്ത 2420 രൂപയും ഇവരുടെ കൈവശം കണ്ടെത്തി. ഇരുവരെയും തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.