നെയ്യാറ്റിൻകരയിൽ വീണ്ടും വിദ്യാർത്ഥിനിക്ക് മർദ്ദനം: പെൺകുട്ടിയെ തല്ലിയ യുവാവ് പിടിയിൽ

നെയ്യാറ്റിൻകരയിൽ വീണ്ടും വിദ്യാർത്ഥിനിക്ക് മർദ്ദനം. നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് ഉച്ചക്കട സ്വദേശി റോണി (20) ആണ് വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. ഇയാളെ നാട്ടുകാർ തടഞ്ഞു വച്ചു. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്ലസ് വൺ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.നെയ്യാറ്റിന്‍കര ബസ്സ്റ്റാന്‍റില്‍ പൊലീസ് സാന്നിധ്യം ഇല്ലാത്തതാണ് തുടര്‍ച്ചയായുളള ആക്രമണങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മർദ്ദിച്ചയാൾക്കെതിരെ പരാതിയില്ലെന്ന് പെൺകുട്ടി പറഞ്ഞു.
ഇന്നലെയും ബസ് സ്റ്റാൻഡിൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു.നെയ്യാറ്റിൻകരയിലെ പൊതുനിരത്തിൽ വച്ച് പതിനേഴുകാരൻ സുഹൃത്തായ പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട വിദ്യാർത്ഥി ഒരു വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയും രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു.