ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ നടുറോഡിൽ മർദിച്ച സംഭവത്തിൽ രണ്ടു പേരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘത്തിൽ വെഞ്ഞാറമൂട് പിരപ്പൻകോട് സ്വദേശിയും.
 

പോത്തൻകോട് ചേങ്കോട്ടുകോണത്തു സ്കൂളിലെ ക്ലാസ് കഴിഞ്ഞു 
മടങ്ങുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ നടുറോഡിൽ മർദിച്ച സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി കാട്ടായിക്കോണം മേലേ കാവുവിള വീട്ടിൽ വിനയൻ (28), 
പിരപ്പൻകോട് പ്ലാക്കീഴ് ശരണ്യ ഭവനിൽ അരുൺ പ്രസാദ് (31) എന്നിവരെയാണ് 
ഒളിസങ്കേതത്തിൽ നിന്നു പോത്തൻകോട് പൊലീസ് പിടികൂടിയത്. 
മറ്റു രണ്ടു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. സംഭവശേഷം നഗരൂരിൽ 
അരുണിന്റെ സുഹൃത്തിന്റെ വീട്ടിലാണ് ഇരുവരും ഒളിവിൽ കഴിഞ്ഞത്. അവിടെ നിന്ന് 
അരുൺ കൂട്ടുകാരന്റെ ഫോണിൽ നിന്നു ഭാര്യയെ വിളിച്ചിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ കണ്ടെത്തിയാണ് ഇരുവരെയും പിടികൂടിയത്.  
ആൺകുട്ടിയാണെന്നു കരുതിയാണു കുട്ടിയുടെ മുടിയിൽ പിടിച്ചു വലിച്ചതെന്നും 
പെൺകുട്ടിയാണെന്ന് അറിഞ്ഞിര‍ുന്നില്ലെന്നുമാണു പ്രതികൾ പൊലീസിനോടു 
പറഞ്ഞത്. 


4 പേർ ചേർന്ന് അടിച്ചു വീഴ്ത്തി, ചവിട്ടി; എല്ലാം കൈയും കെട്ടി നോക്കിനിന്ന് ജനം . നാളെ ഇങ്ങനെ ഒരു ആക്രമണം തങ്ങളുടെ മക്കൾക്ക് നേരെയുമുണ്ടാകാം എന്ന കാര്യം ആരും ചിന്തിച്ചില്ല . ഒടുവിൽ ആ പതിനാറുകാരിക്കു വേണ്ടി ഓടിയെത്തിയത് അവളുടെ 
സഹപാഠി മാത്രം.


ജംക്‌ഷനിൽ നിറയെ ആളുകൾ നോക്കി നിൽക്കുമ്പോഴാണ് അവളെ നാലു പേർ ചേർന്നു അടിച്ചു  വീഴ്ത്തി   ചവിട്ടിത്തൊഴിച്ചത്.ഒരാൾ പോലും ഇടപെടുകയോ പിടിച്ചു മാറ്റുകയോ ചെയ്തില്ല. അത്രയും 
മനുഷ്യർക്കിടയിൽ നിന്ന് ആ പതിനാറുകാരിക്കു വേണ്ടി ഓടിയെത്തിയത് അവളുടെ സഹപാഠിയാണ്.അവനെ കഴുത്തിൽ തൂക്കി ദൂരേക്കെറിഞ്ഞ ശേഷം അക്രമികൾ അവളെ വീണ്ടും ക്രൂരമായി മർദിച്ചു. അക്രമികൾ സ്ഥലം വിടുന്നതു വരെ ഒരാളും അവിടെ അവർക്കെതിരെ വിരലുയർത്തിയില്ല.സഹപാഠിക്കു വേണ്ടി സമയോചിതമായി പ്രതികരിച്ച ആ പ്ലസ് വൺ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രഥമ വിവര റിപ്പോർട്ട് തയാറാക്കിയത്. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക‍ു ശേഷമുണ്ടായ ആ നിമിഷങ്ങൾ അവൻ ഓർമിക്കുന്നു: 
‘ഞാനും എന്റെ ഫ്രണ്ടും കൂടി സ്കൂളിലെ ക്ലാസ് കഴിഞ്ഞ് ചേങ്കോട്ടുകോണം 
ജംക്‌ഷനിലേക്കു നടന്നു പോകുകയായിരുന്നു. പെൺകുട്ടി മുൻപിലും ഞാൻ കുറച്ചു പിന്നിലുമായാണ് നടന്നിരുന്നത്. പെട്ടെന്നാണു 2 പേർ സ്കൂട്ടറിൽ വേഗം കുറച്ച് വന്നത്. മുന്നില‍ിരുന്ന ആൾ ആകുട്ടിയുടെ മുടിയിൽ പിടിച്ചു വലിച്ചു. അവൾ പെട്ടെന്നു തന്നെ പ്രതികരിച്ചു.
തന്റെ തലമുടിയിൽ പിടിച്ചു വലിച്ചതിനെ ശബ്ദമുയർത്തി അവൾ ചോദ്യം ചെയ്തത് അവർക്ക് ഇഷ്ടമായില്ല.അവർ സ്കൂട്ടർ നിർത്തി. പിന്നിലിരുന്നയാൾ കേട്ടാലറയ്ക്കുന്ന തെറികളാണ് 
വിളിച്ചത്. രണ്ടു പേരും കൂടി വന്ന് അവളുടെ മുഖത്ത് അടിക്കുകയും നെറ്റിയിലുംനെഞ്ചിലും ഇടിക്കുകയും ചെയ്തു. അവളുടെ ചെവിയിൽ നിന്നു രക്തം വരുന്നുണ്ടായിരുന്നു.പെട്ടെന്നു ഞാൻ പിടിച്ചു മാറ്റാൻ ചെന്നപ്പോൾ സ്കൂട്ടർ ഓടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും െചയ്തയാൾ എന്നെ കഴുത്തിൽ തൂക്കിയെടുത്ത് 
വലിച്ചെറിഞ്ഞു.എടിഎമ്മിന്റെ മുന്നിലുണ്ടായിരുന്ന ഈ അക്രമികളുടെ 2 സുഹൃത്തുക്കൾ കൂടി ഓടിയെത്തി അവളെ മർദിക്കാൻ തുടങ്ങി. അവൾ കുഴഞ്ഞു വീണപ്പോൾ നാലു പേരും കൂടി 
വളഞ്ഞു നിലത്ത‍ിട്ടു ചവിട്ടുകയും തൊഴിക്കുകയും ഇടിക്കുകയും ചെയ്തു. 
തെറി വിളിച്ചു കൊണ്ടാണ് എല്ലാവരും ഇടിച്ചത്. അതിനിടയിൽ, ‘അതൊരു 
പെൺകുട്ടിയാണ്’ എന്ന് ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആണായാലും 
പെണ്ണായാലും  ഞങ്ങൾ അടിക്കുമെന്നു പറഞ്ഞാണ് അവർ മർദനവും തൊഴിയും തുടർന്നത്.
ഇത്രയും ആക്രമണം ഉണ്ടായിട്ടും അവിടെ കൂടി നിന്ന ഒരാൾ പോലും പിടിച്ചു 
മാറ്റുകയോ ഇടപെടുകയോ ചെയ്തില്ല. എന്നെ ആക്രമിച്ചതോടെ പിന്നീട് എന്തു 
ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിപ്പോയി ഞാൻ–’ അവൻ പറഞ്ഞു.
ആളു കൂടിയതോടെ അക്രമികൾ സ്ഥലം വിട്ട ശേഷമാണ് നാട്ടുകാരിൽ ചിലർ ചേർന്ന് 
അവളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയലേക്കു കൊണ്ടുപോയത്.പൊലീസ് എത്തിയ ശേഷം 
അവരുടെ നിർദേശം പ്രകാരം സ്കൂൾ മാനേജ്മെന്റ് അവളെ മെഡിക്കൽ കോളജ് 
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.