ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി; ഒളിച്ചോടിയ ആളുടെ ഭാര്യയെ വിവാഹം കഴിച്ച് ഭർത്താവ്

ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതിനു പ്രതികാരമായി ഭാര്യയുടെ കാമുകൻ്റെ ഭാര്യയെ വിവാഹം കഴിച്ച് ഭർത്താവ്. ബീഹാറിലാണ് സംഭവം. ഇരു ദമ്പതിമാർക്കും മക്കളുണ്ട്. രണ്ട് സ്ത്രീകളുടെയും പേര് ഒന്നാണ് എന്നതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം. ഇടിവി ഭാരത് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബീഹാറിലെ ഖഗാരിയയിലാണ് സംഭവം. 2009ൽ റൂബി ദേവിയും നീരജും തമ്മിൽ വിവാഹം കഴിച്ചു. ഇവർക്ക് നാല് മക്കളുണ്ടായി. വർഷങ്ങൾക്കു ശേഷം മുകേഷ് എന്നയാളുമായി ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് നീരജ് മനസിലാക്കി. 2022 ഫെബ്രുവരിയിൽ മുകേഷും റൂബിയും വിവാഹിതരായി. ഇതറിഞ്ഞ നീരജ് ഭാര്യയെ മുകേഷ് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി മുകേഷിനെതിരെ പൊലീസിൽ പരാതിപ്പെട്ടു. വില്ലേജ് പഞ്ചായത്തിൽ പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും മുകേഷും റൂബിയും ഒളിച്ചോടി.മുകേഷ് രണ്ട് കുട്ടികളുടെ പിതാവാണ്. ഇയാളുടെ ഭാര്യയുടെ പേരും റൂബി എന്ന് തന്നെ. 2023 ഫെബ്രുവരിയിൽ നീരജ് മുകേഷിൻ്റെ ആദ്യ ഭാര്യ റൂബിയെ വിവാഹം കഴിച്ചു. പ്രതികാര നടപടിയായാണ് നീരജ് റൂബിയെ വിവാഹം ചെയ്തതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.