വില്‍പന യോഗ്യമല്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള്‍ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുപ്പിവെള്ളം കുടിക്കുന്നവരും ശ്രദ്ധിക്കണം. ചൂട് കാലമായതിനാല്‍ നിര്‍ജലീകരണത്തിന് സാധ്യതയേറെയാണ്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കണം. കുടിയ്ക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തി കുടിയ്ക്കുക. ശുദ്ധജലത്തില്‍ നിന്നുമുണ്ടാക്കിയ ഐസ് മാത്രമേ പാനീയങ്ങളില്‍ ഉപയോഗിക്കാവൂ. ഭക്ഷ്യ സുരക്ഷാ വകുപ്പ് വേനല്‍ക്കാലത്തെ പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നുണ്ട്. കടകളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പു വരുത്തണം.

കുപ്പിയുടെ അടപ്പിലെ സീല്‍ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.

കടകളില്‍ വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങള്‍ വാങ്ങിക്കാതിരിക്കുക.
കുടിവെള്ളം, മറ്റു ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ കടകളില്‍ തൂക്കി ഇടുന്നതും വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകുന്നതും വളരെ ആരോഗ്യ പ്രശ്ങ്ങള്‍ സൃഷ്ടിക്കും.

വലിയ കാനുകളില്‍ വരുന്ന കുടിവെള്ളത്തിനും സീല്‍ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

അധിക നേരം പ്ലാസ്റ്റിക് കുപ്പികള്‍ വെയില്‍ ഏല്‍ക്കുമ്പോള്‍ അതില്‍ നിന്നും കെമിക്കല്‍ ലീക്കുണ്ടായി ആരോഗ്യത്തിന് ഹാനികരമാകാന്‍ സാധ്യതയുണ്ട്.
വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ തുറന്ന വാഹനങ്ങളില്‍ കുപ്പിവെള്ളവും മറ്റ് പാനീയങ്ങളും വിതരണത്തിനായി കൊണ്ട് പോകരുത്.