ആദ്യ ഏകദിനത്തിൽ ചെറിയ സ്കോർ പിന്തുടർന്ന ഇന്ത്യ, ഓസീസ് പേസർമാർക്കു മുന്നിൽ വിയർത്താണു ജയിച്ചു കയറിയത്. മുൻനിര ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ കെ.എൽ.രാഹുലും രവീന്ദ്ര ജഡേജയും നടത്തിയ പോരാട്ടമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. രോഹിത് മടങ്ങി വരുന്നതോടെ ഇന്ത്യൻ ടോപ് ഓർഡർ കൂടുതൽ കരുത്താർജിക്കും എന്നുറപ്പ്.ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ ശ്രമിക്കുന്ന മധ്യനിര ബാറ്റർ സൂര്യകുമാർ യാദവിന് ഇന്നത്തെ മത്സരം നിർണായകമാണ്. അവസാനം കളിച്ച 13 ഏകദിനങ്ങളിൽ ഒരു അർധ സെഞ്ചറി പോലും സൂര്യകുമാർ നേടിയിട്ടില്ല. രാഹുലും 8 മാസങ്ങൾക്കു ശേഷം ഏകദിനം കളിച്ച ജഡേജയും ഫോമിലെത്തിയത് ഇന്ത്യയ്ക്കു പ്രതീക്ഷയാണ്.
ഓരോ മത്സരത്തിലും ഇന്ത്യയെ തകർക്കാൻ പരീക്ഷണങ്ങളുമായി ഇറങ്ങുന്ന ഓസീസ് പതിവ് ആദ്യ ഏകദിനത്തിലും തുടർന്നു. ആദ്യ ഏകദിനത്തിൽ കളിച്ചത് 4 ഓസീസ് ഓൾറൗണ്ടർമാരാണ്. മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ, മാർകസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്സ്‌വെൽ. എന്നിട്ടും ജയിക്കാനായില്ല. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഇന്ന് എന്ത് പരീക്ഷിക്കുമെന്നറിയാനാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. ഇടംകയ്യൻ പേസർ മിച്ചൽ സ്റ്റാർക്കിലാണ് ഓസീസ് ബോളിങ് പ്രതീക്ഷകൾ. ആദ്യ മത്സരത്തിൽ സ്റ്റാർക്കും സ്റ്റോയ്നിസും ചേർന്നാണ് ഇന്ത്യൻ മുൻനിര ബാറ്റർമാരെ പുറത്താക്കിയത്. ബാറ്റിങ്ങിൽ മിച്ചൽ മാർഷ് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ.എല്‍. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ഓസ്ട്രേലിയ ടീം– ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), മാർനസ് ലബുഷെയ്ൻ, അലെക്സ് ക്യാരി (വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, മാർകസ് സ്റ്റോയ്നിസ്, സീൻ ആബട്ട്, നേഥൻ എലിസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.