ഫേസ്ബുക്ക് പോസ്‌റ്റ്-
”ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു.
എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തുകൊണ്ടേയിരിക്കും
ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല,
മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല,
അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാനുമുണ്ട് ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ.
എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്പോൾ………”
അഞ്ചു പതിറ്റാണ്ടിലേറെ നര്‍മ്മവും ഗൗരവവും നിറഞ്ഞ വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടനും മുന്‍ പാര്‍ലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ ഇന്നസെന്റ് ഇന്നലെ രാത്രി 10.30 ന് ആണ് അന്തരിച്ചത്. 75 വയസായിരുന്നു.
ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. രാവിലെ എട്ട് മണി മുതല്‍ 11 മണിവരെ ഇവിടെ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 5ന് വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തും.