ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് മുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഗുജറാത്ത് ടൈറ്റൻസിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.ഗുജറാത്ത് ജയൻ്റ്സിൽ ഡേവിഡ് മില്ലർ ഈ കളി കളിക്കില്ല. അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ ഏപ്രിൽ 28 വരെയും ടീമിലുണ്ടാവില്ല. ഇരു താരങ്ങളും രാജ്യാന്തര മത്സരങ്ങളിൽ തിരക്കിലാണ്. കഴിഞ്ഞ സീസണിൽ അസ്ഥിരമായിക്കിടന്ന മൂന്നാം നമ്പറിലേക്ക് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കെയിൻ വില്ല്യംസൺ എത്തുന്നതാണ് ഗുജറാത്ത് ഫ്രാഞ്ചൈസിയുടെ ഹൈലൈറ്റ്. ശുഭ്മൻ ഗിൽ, വൃദ്ധിമാൻ സാഹ/സായ് സുദർശൻ, കെയിൻ വില്ല്യംസൺ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ/ശ്രീകർ ഭരത്/അഭിനവ് മനോഹർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ എന്നാവും ബാറ്റിംഗ് ഓപ്ഷനുകൾ. അൽസാരി ജോസഫ്, മുഹമ്മദ് ഷമി, ശിവം മവി/യാഷ് ദയാൽ/പ്രദീപ് സാങ്ങ്വാൻ എന്നിവരാവും സ്പെഷ്യലിസ്റ്റ് പേസർമാർ. ഹാർദികിൽ ഓൾറൗണ്ടർ ഓപ്ഷനുണ്ട്. മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാരിൽ ഒരാൾക്ക് പകരം ഓൾറൗണ്ടർ ഒഡീൻ സ്‌മിത്തിനെ ഉൾപ്പെടുത്തി ബാറ്റിംഗ് ശക്തമാക്കാനിടയുണ്ട്. റാഷിദും തെവാട്ടിയയും സ്പിൻ ചോയിസാണ്. ഇംപാക്ട് പ്ലയർ നിയമം ഉള്ളതിനാൽ ഈ ഇക്വേഷനുകൾ മാറിമറിഞ്ഞേക്കാം. മില്ലർ തിരികെയെത്തുമ്പോൾ അഞ്ചാം നമ്പറിൽ മില്ലറെത്തും.ചെന്നൈ സൂപ്പർ കിംഗ്സിനെ പരിഗണിക്കുമ്പോൾ ശ്രീലങ്കൻ താരങ്ങളായ മഹീഷ് തീക്ഷണയും മതീഷ പതിരനയും ആദ്യ മൂന്ന് മത്സരങ്ങൾ കളിക്കില്ല. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ബെൻ സ്റ്റോക്സ് ടീമിലെത്തിയെന്നതാണ് ടീമിലെ ഹൈലൈറ്റ്. ടീം ബാലൻസ് മെച്ചപ്പെടുന്നതിനൊപ്പം ഭാവി ക്യാപ്റ്റൻ ചോയിസ് കൂടിയാണ് ബെൻ സ്റ്റോക്സിനെ ടീമിലെത്തിച്ചതുവഴി ചെന്നൈ സുരക്ഷിതമാക്കിയത്. ഡെവോൺ കോൺവേ, ഋതുരാജ് ഗെയ്ക്‌വാദ്, അമ്പാട്ടി റായുഡു/അജിങ്ക്യ രഹാനെ, മൊയീൻ അലി, ബെൻ സ്റ്റോക്സ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, എംഎസ് ധോണി, ഡ്വെയിൻ പ്രിട്ടോറിയസ്/സിസാൻഡ മഗാല, മിച്ചൽ സാൻ്റ്നർ എന്നിവരാണ് ബാറ്റിംഗ് ഓപ്ഷനുകൾ. ദീപക് ചഹാർ, സിമർജീത് സിംഗ് എന്നിവർ സ്പെഷ്യലിസ്റ്റ് പേസർമാരാവും. സാൻ്റ്നർ, ജഡേജ എന്നിവർ സ്പിൻ ബൗളിംഗ് ഓപ്ഷനാണ്.