*പ്രഭാത വാർത്തകൾ*2023 | മാർച്ച് 26 | ഞായർ |

◾രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരേ ഇന്നു രാവിലെ പത്തിനു രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യഗ്രഹം. കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളിലും ഇന്നു കോണ്‍ഗ്രസ് സത്യഗ്രഹം. അയോഗ്യതാ നടപടി രാഹുലിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചിരിക്കുകയാണ്. രാഹുല്‍ ഇഫക്ടില്‍ പ്രതിപക്ഷ ഐക്യത്തിനു വഴിയൊരുങ്ങുന്നുമുണ്ട്. രാഹുലിനെതിരായ നടപടികളില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

◾മാപ്പു ചോദിക്കാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും രാഹുല്‍ ഗാന്ധി. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചു ചോദ്യങ്ങള്‍ ഉയരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണുകളില്‍ ഭയം കണ്ടു. മോദിയുടെ ഭയം ജനങ്ങളെല്ലാം കാണുന്നുണ്ട്. ചോദ്യം ചെയ്യുന്നവരെ അയോഗ്യരാക്കിയും ആക്രമിച്ചും നിശബ്ദരാക്കാമെന്നു കരുതിയാല്‍ തെറ്റിപ്പോയി. രാഹുല്‍ പറഞ്ഞു.

◾തൃപ്പൂണിത്തുറയില്‍ കസ്റ്റഡി മരണം. പൊലീസ് കസ്റ്റഡിയിലെടുത്ത തൃപ്പൂണിത്തുറ സ്വദേശി മനോഹരന്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ മനോഹരനെ പോലീസ് പിന്തുടര്‍ന്നു പിടികൂടി സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകവേയാണ് മരിച്ചതെന്ന് പൊലീസ്.

◾ബ്രഹ്‌മപുരം ബയോമൈനിംഗില്‍ സോണ്ട ഇന്‍ഫ്രാടെക്ക് ഉപകരാര്‍ നല്‍കിയത് കൊച്ചി കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ആണെങ്കിലും അതിനെതിരേ നടപടിയെടുക്കില്ലെന്നു മേയര്‍ എം. അനില്‍കുമാര്‍. മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 54 കോടി രൂപയുടെ കരാര്‍ എടുത്ത സോണ്ട ഇന്‍ഫ്രാടെക്ക് 22.5 കോടി രൂപക്ക് മറ്റൊരു സ്ഥാപനത്തിന് ഉപകരാര്‍ നല്‍കുകയായിരുന്നു.

◾ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ ഏപ്രില്‍ മൂന്നിന് ഇടതു മുന്നണി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

◾നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. ലേക്ഷോര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അമ്മ ജോയിന്റ് സെക്രട്ടറി ഇടവേള ബാബു.

◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ ബന്ദ് അടക്കം ശക്തമായി പ്രതിഷേധിക്കണമെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്ക് എതിരെ കലാപാഹ്വാനത്തിനു കേസ്. ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ആണ് കേസെടുത്തത്.

◾മോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമര്‍ശത്തില്‍ സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം എം മണിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ്പിക്കു പരാതി നല്‍കിയത്.

◾ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടില്‍ സ്പീഡ് ബോട്ട് ഇടിച്ചു യാത്രാ ബോട്ടിന്റെ മുന്‍വശം തകര്‍ന്നു. ആലപ്പുഴയില്‍ നിന്നു കാവാലത്തേക്ക് പോകുകയായിരുന്ന ബോട്ടിന്റെ മുന്‍വശത്താണ് രാത്രി ഏഴരയോടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയത്. യാത്രാ ബോട്ടില്‍ 22 പേരുണ്ടായിരുന്നു.

◾പരാതി നല്‍കാനെത്തിയ അറുപതുകാരിയെ മണ്ണാര്‍ക്കാട് നാട്ടുകല്‍ പൊലീസ് സ്റ്റേഷനില്‍ ഇരുത്തിയത് 12 മണിക്കൂര്‍. വീട് കയറി ആക്രമിക്കാനെത്തിയവര്‍ക്കെതിരെ പരാതി നല്‍കാനാണ് മണ്ണാര്‍ക്കാട് സ്വദേശിനി രുഗ്മിണി എത്തിയത്. മൊഴിയെടുക്കാന്‍ മണ്ണാര്‍ക്കാട് കോടതി നിര്‍ദ്ദേശിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും രുഗ്മിണി പറയുന്നു.

◾അതിക്രമത്തിന് ഇരയായ റഷ്യന്‍ യുവതിക്കു വനിതാ കമ്മീഷന്‍ നിയമസഹായം നല്‍കുമെന്ന് അധ്യക്ഷ പി സതീദേവി. മതിയായ സുരക്ഷയോട് കൂടിയ താമസ സൗകര്യവും ഏര്‍പ്പെടുത്തും. അന്വേഷണം വേഗം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനും കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

◾മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ക്യാമ്പസില്‍ രാത്രിയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് ഡജിപിക്കു നിര്‍ദേശം നല്‍കി. മദ്യപിച്ചു അതിക്രമം നടത്തിയ പ്രതികളായ തോട്ടപ്പടി സ്വദേശി നൗഫലിനേയും സുഹൃത്ത് അജിതിനേയും മണ്ണുത്തി പൊലീസ് അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

◾ചേര്‍പ്പിലെ സദാചാരക്കൊലക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. വിഷ്ണു, വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ ഗാന്ധിപുരം കോര്‍പ്പറേഷന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ ഈ കേസില്‍ എട്ട് പേര്‍ പിടിയിലായി.

◾കുവൈറ്റില്‍ ഉല്ലാസ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് രണ്ടു മലയാളികള്‍ മരിച്ചു. കൊല്ലം അഷ്ടമുടി സ്വദേശി സുകേഷ് (44), പത്തനംതിട്ട മാന്നാര്‍ മോഴിശ്ശേരില്‍ ജോസഫ് മത്തായി (30) എന്നിവരാണ് മരിച്ചത്. ഇരുവരും ലുലു എക്സ്ചേഞ്ച് ജീവനക്കാരാണ്.

◾കോളേജ് വിദ്യാര്‍ത്ഥികളടങ്ങുന്ന അറംഗ ലഹരിമരുന്നു സംഘം തൊടുപുഴയില്‍ പിടിയില്‍. വെങ്ങല്ലൂരിലെ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തി മുന്നു നിയമവിദ്യാര്‍ത്ഥികളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി ശ്രീരാജ്, തൃശൂര്‍ സ്വദേശി ജീവന്‍, കൊല്ലം സ്വദേശി ഷജീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍. മുതലക്കോടം സ്വദേശി ജിബിന്‍ ഞറുക്കുറ്റി സ്വദേശി സനല്‍ കോഴിക്കോട്, ബേപ്പൂര്‍ സ്വദേശിനി സരിഗ എന്നിവരെ കൂടി അറസ്റ്റ് ചെയ്തു.

◾ചേലക്കര പരക്കാട് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 57 കാരന്‍ കുത്തേറ്റ് മരിച്ചു. പരക്കാട് മനക്കല്‍ത്തൊടി ജോര്‍ജ് (57) ആണ് മരിച്ചത്.

◾വയനാട് പൊഴുതനയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അച്ചൂര്‍ അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു.

◾ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തിരൂര്‍ അണ്ണാര സ്വദേശി കറുകപറമ്പില്‍ മുഹമ്മദ് നിഷാലിനെ(23)യാണ് മണ്ണാര്‍ക്കാട് പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.

◾സൂററ്റ് കോടതി വിധിക്കെതിരെ നാളെയോ ചൊവ്വാഴ്ചയോ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കും. ലോക് സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കും. രാഹുലിനെതിരെ അടുത്ത ആറ് മുതല്‍ ബിജെപിയും മറു പ്രചാരണം തുടങ്ങും. പാര്‍ലമെന്റ് സമ്മേളനം അടുത്ത ആഴ്ച അനിശ്ചിത കാലത്തേക്ക് പിരിയാന്‍ സാധ്യതയുള്ളതിനാല്‍ ഡല്‍ഹിയിലും സംസ്ഥാനങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.

◾അനുകൂല വിധിയുണ്ടായിട്ടും ലോക്സഭാംഗത്വം പുനസ്ഥാപിക്കാത്ത ലോക്സഭാ സെക്രട്ടേറിയറ്റിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തിടുക്കത്തില്‍ ലോക്സഭാംഗത്വം റദ്ദാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് രണ്ടു മാസമായി മനപൂര്‍വം നടപടി വൈകിപ്പിച്ചെന്ന് ഫൈസല്‍ ആരോപിച്ചു.

◾രാഹുല്‍ഗാന്ധി രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. രാഹുല്‍ഗാന്ധി ഒരു സമുദായത്തെ അപമാനിച്ചു. കോടതിയില്‍ മാപ്പ് പറഞ്ഞില്ലെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ബിജെപി രാജ്യവാപക പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഗുജറാത്ത് സ്വദേശി ജമ്മു കാഷ്മീര്‍ സന്ദര്‍ശിച്ച കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസിലെ പബ്ലിക് റിലേഷന്‍ ഓഫീസറായ ഹിതേഷ് പാണ്ഡ്യ രാജിവച്ചു. തട്ടിപ്പിന് അറസ്റ്റിലായ കിരണ്‍ പട്ടേലിനൊപ്പം ജമ്മുകാഷ്മീരില്‍ ഹിതേഷ് പാണ്ഡ്യയുടെ മകന്‍ അമിത് പാണ്ഡ്യയും ഉണ്ടായിരുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കേ ബെംഗളുരുവില്‍ പുതിയ മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കെ ആര്‍ പുര മുതല്‍ വൈറ്റ് ഫീല്‍ഡ് വരെയുള്ള 13.71 കിലോമീറ്റര്‍ പാതയാണ് പുതുതായി ഉദ്ഘാടനം ചെയ്തത്. നിര്‍മാണത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒപ്പം മോദിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മെട്രോയില്‍ അല്‍പദൂരം സഞ്ചരിച്ചു.

◾അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനു ഗുജറാത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ സിബിഐ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആയിരുന്ന ജാവരി ബിഷ്ണോയ് ആണ് ജീവനൊടുക്കിയത്. ചോദ്യം ചെയ്യലിനിടെ ഓഫീസിന്റെ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.

◾കര്‍ണാടകയില്‍ മോദിയുടെ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വിജയസങ്കല്‍പ രഥയാത്രയല്ല, വിജയിച്ചയാത്രയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നാടായ കലബുറഗി കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ചത് അതിന്റെ തെളിവാണ്. മോദി പറഞ്ഞു.  

◾ജോലിക്കു ഭൂമി അഴിമതി കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്തു. തേജസ്വി യാദവിന്റെ സഹോദരിയും എംപിയുമായ മിസ ഭാരതിയും ഇതേ കേസില്‍ ഇഡിക്കു മുമ്പാകെ ഹാജരായി. ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.

◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചണ്ഡിഗഡില്‍ ട്രെയിന്‍ തടഞ്ഞു. ന്യൂഡല്‍ഹി ചണ്ഡിഗഡ് ശതാബ്ദി ട്രെയിനാണ് തടഞ്ഞത്.

◾കര്‍ണാടക ദാവനഗരെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. ഒരാള്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് ഓടി എത്താന്‍ ശ്രമിച്ചു. പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

◾കാമുകന്റെ സഹായത്തോടെ സ്വന്തം കുട്ടികളെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ യുവതിഅടക്കം ആറു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഇരട്ടക്കൊലപാതകം. പ്രാദേശിക കൗണ്‍സിലറായ കാമുകന്റെ സഹായത്തോടെയാണ് യുവതി തന്റെ 10 വയസുള്ള മകനെയും ആറുവയസുള്ള മകളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ്

◾ട്വിറ്ററില്‍ 60 ലക്ഷം ഫോളോവേഴ്സുള്ള ഗോഡ് എക്കൗണ്ട് ഇലോണ്‍ മസ്‌ക് ബ്ലോക്ക് ചെയ്തു. മസ്‌കിനെ പരിഹസിച്ചുള്ള പോസ്റ്റുകളാണ് അക്കൗണ്ടിനെ വളരെയധികം പ്രശസ്തമാക്കിയത്. ബ്ലോക്കു ചെയ്യാന്‍ കാരണവും അതുതന്നെ. അക്കൗണ്ടു കൈകാര്യം ചെയ്തിരുന്ന അമേരിക്കന്‍ എഴുത്തുകാരനായ ഡേവിഡ് ജാവര്‍ബോം 2022 മുതല്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തിയിരുന്നു.

◾അമേരിക്കയിലെ മിസിസിപ്പിയില്‍ കൊടുങ്കാറ്റ്. 23 പേര്‍ മരിച്ചു. സില്‍വര്‍ സിറ്റിയിലും റോളിംഗ് ഫോര്‍ക്കിലുമായി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണു റിപ്പോര്‍ട്ട്.

◾വനിതകളുടെ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണം. 48 കിലോ വിഭാഗത്തില്‍ നീതു ഘന്‍ഘാസും 81 കിലോ വിഭാഗത്തില്‍ സവീറ്റി ബൂറയുമാണ് ഇന്ത്യക്കായി സ്വര്‍ണംനേടിയത്.

◾തെലുങ്ക് വാരിയേഴ്സിന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കിരീടം. ഫൈനലില്‍ ഭോജ്പുരി ദബാംഗ്സിനെ കീഴടക്കിയാണ് തെലുങ്ക് താരങ്ങള്‍ വിജയകിരീടം ചൂടിയത്. സിസിഎല്‍ ചരിത്രത്തില്‍ ഇത് തെലുങ്ക് വാരിയേഴ്സിന്റെ നാലാമത്തെ കിരീടമാണ്.

◾ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്സിന്റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. കല്യാണിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായ അമിതാഭ് ബച്ചന്‍, ദേശീയ ബ്രാന്‍ഡ് അംബാസിഡറായ കത്രീന കൈഫ്, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളെ പ്രതിനിധീകരിക്കുന്ന നാഗാര്‍ജുന, തമിഴ്നാട് ബ്രാന്‍ഡ് അംബാസിഡറായ പ്രഭു, കര്‍ണാടകയിലെ ശിവരാജ് കുമാര്‍, കേരള ബ്രാന്‍ഡ് അംബാസിഡറായ കല്യാണി പ്രിയദര്‍ശന്‍ എന്നീ പ്രശസ്ത താരങ്ങള്‍ക്കൊപ്പം രശ്മിക കൂടി ഇനി കല്യാണിനായി അണിനിരക്കും. ദക്ഷിണേന്ത്യന്‍ വിപണികളിലേയ്ക്ക് ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ ഉള്‍പ്പെടുത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്സിലെ ആഭരണങ്ങളുടെ വൈശിഷ്ട്യമാര്‍ന്ന രൂപകല്‍പ്പനകളും കരവിരുതും എല്ലായ്പ്പോഴും മോഹിപ്പിക്കുന്നതായിരുന്നുവെന്നും കല്യാണ്‍ ജൂവലേഴ്സുമൊത്തുള്ള മികവിലേയ്ക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്നുവെന്നും രശ്മിക പറഞ്ഞു.

◾നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍ ഒരുക്കുന്ന 'കോളാമ്പി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം ഏപ്രില്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. നിത്യ മേനോനും രഞ്ജി പണിക്കരുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുന്‍പേ ചിത്രത്തിന് ഒരു ദേശീയ പുരസ്‌ക്കാരവും ഒരു സംസ്ഥാന പുരസ്‌ക്കാരവും നേടിയിരുന്നു. സംവിധായകനോടൊപ്പം ഡോ.കെ.എം വേണുഗോപാലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് സംഗീതം. ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. രാജീവ് കുമാറിന്റെ 25-ാമത് സിനിമയാണ് 'കോളാമ്പി'. ചിത്രത്തില്‍ ബോംബെ ജയശ്രീ ആലപിച്ച ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ദിലീഷ് പോത്തന്‍, രോഹിണി, മഞ്ജുപിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് മേനോന്‍, ജി സുരേഷ് കുമാര്‍, അരിസ്റ്റോ സുരേഷ്, സിജോയി വര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

◾ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം 'കായ്പ്പോള'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏപ്രില്‍ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സര്‍വൈവല്‍ സ്പോര്‍ട്സ് ഡ്രാമാ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഞ്ജു കൃഷ്ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാര്‍, ജോഡി പൂഞ്ഞാര്‍, സിനോജ് വര്‍ഗീസ്, ബബിത ബഷീര്‍, വൈശാഖ്, ബിജു ജയാനന്ദന്‍, മഹിമ, നവീന്‍, അനുനാഥ്, പ്രഭ ആര്‍ കൃഷ്ണ, വിദ്യ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾ഐക്കണിക് പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കരിസ്മ ഈ വര്‍ഷം വീണ്ടും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹീറോ മോട്ടോര്‍ കോര്‍പ്. പുതിയ ഹീറോ കരിസ്മ ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഒരു പുതിയ എഞ്ചിന്‍ സജ്ജീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കമ്പനിക്ക് ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോം തയ്യാറാണ്, ഇത് പ്രീമിയം സ്ഥലത്ത് മത്സരിക്കാന്‍ ബ്രാന്‍ഡിനെ സഹായിക്കും. പഴയ കരിസ്മയില്‍ 20 ബിഎച്ച്പി, 223 സിസി എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് സജ്ജീകരിച്ചിരുന്നത്, പുതിയ ഹീറോ കരിസ്മയ്ക്ക് കൂടുതല്‍ ശക്തമായ 210 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പവര്‍ട്രെയിന്‍ ഏകദേശം 25 ബിഎച്പി കരുത്തും 30 എന്‍ ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ എഞ്ചിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിക്കും. ഹീറോ മോട്ടോകോര്‍പ്പിന്റെ രാജ്യത്തെ ഏറ്റവും ജനപ്രിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നാണ് കരിസ്മ.

◾ചര്‍മ്മരോഗ ചികിത്സയുടെ ചരിത്രത്തേയും ചൊറിച്ചിലിന്റെ ശാസ്ത്രത്തേയും ചുരുക്കി വിവരിച്ച് തിരനോട്ടം നടത്തുന്ന ഗ്രന്ഥകാരന്‍ വളരെ സാധാരണമായ ഒരുഡസനിലധികം രോഗങ്ങളെക്കുറിച്ച് ഒരു മാന്ത്രികന്റെ കൈയടക്കത്തോടെ വിവരിക്കുന്നു. ഗ്രന്ഥത്തിലൊരിടത്തും ഒരു തരത്തിലുള്ള പാണ്ഡിത്യ കെട്ടുകാഴ്ചയ്ക്ക് ഒരുങ്ങുന്നില്ല. അതേസമയം ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നിടത്ത് കൃത്യവും ലളിതവുമായ മലയാളപദങ്ങള്‍കൊണ്ട് ആശയം വ്യക്തമാക്കുകയും ചെയ്യുന്നു. ആവശ്യം വേണ്ടിടത്ത് തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ചേര്‍ത്ത് വായന അയത്നലളിതമാക്കിയിരിക്കുന്നു. ഓരോ അധ്യായത്തിനും യോജിച്ച തന്മയത്വമാര്‍ന്ന മുഖവാചകങ്ങള്‍ ഈ പുസ്തകത്തിന്റെ ആകര്‍ഷണീയത കൂട്ടുന്നു. 'സാധാരണ ചര്‍മ്മരോഗങ്ങള്‍ നിങ്ങള്‍ അറിയേണ്ടത്'. ഡോ. എം.ജി ഷാജി. ഗ്രീന്‍ ബുക്സ്. വില 133 രൂപ.

◾കണ്ണില്‍ നിന്നും അല്‍ഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്ന് ഗവേഷകര്‍. റെറ്റിനല്‍ പരിശോധനകളിലൂടെ അല്‍ഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്നാണ് ആക്റ്റ ന്യൂറോപതോളജിക്ക എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ലോസ്ആഞ്ജലസിലെ സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്ററിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. അല്‍ഷിമേഴ്സ് ബാധിച്ച് മരിച്ച 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ?ഗവേഷകര്‍ പഠനം നടത്തിയത്. സാധാരണ കോഗ്നിറ്റീവ് ഫങ്ഷന്‍ ഉള്ളവരുടെയും അല്‍ഷിമേഴ്സിന്റെ ആദ്യകാല ലക്ഷണങ്ങള്‍ ഉള്ളവരുടെയും അല്‍ഷിമേഴ്സിന്റെ അവസാനഘട്ടത്തില്‍ ഉള്ളവരുടെയും സാമ്പിളുകള്‍ പരസ്പരം താരതമ്യം ചെയ്തായിരുന്നു പഠനം. കോഗ്നിറ്റീവ് പ്രവര്‍ത്തനങ്ങള്‍ തകരാറിലായി തുടങ്ങുകയും അല്‍ഷിമേഴ്സ് രോഗമുള്ളവരുമാണെങ്കില്‍ അവരുടെ റെറ്റിനയില്‍ അമിലോയിഡ് ബീറ്റാ 42 എന്ന അല്‍ഷിമേഴ്സ് സാധ്യത വര്‍ധിപ്പിക്കുന്ന പ്രോട്ടീനിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇവരില്‍ മൈക്രോഗ്ലിയ എന്ന അല്‍ഷിമേഴ്സ് സാധ്യത വര്‍ധിപ്പിക്കുന്ന കോശങ്ങളും കൂടുതലാണെന്ന് കണ്ടെത്തി. അല്‍ഷിമേഴ്സ് ലക്ഷണമായ മറവി അടക്കം കണ്ടുതുടങ്ങുന്നതിന് മുമ്പ് രോഗം മസ്തിഷ്‌കത്തില്‍ ആരംഭിച്ചിരിക്കും. ഇത് നേരത്തെതന്നെ ഡോക്ടര്‍മാര്‍ക്ക് കണ്ടുപിടിക്കാനായാല്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാകും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരു സന്യാസി ആ ധനികന്റെ വീട്ടില്‍ ചെന്നു. ധനികന്‍ സന്യാസിയെ സ്വീകരിച്ചിരുത്തി. സന്യാസിക്കൊപ്പം ഒരു ഭൂതമുണ്ടായിരുന്നു. സന്യാസി ഭൂതത്തിന്റെ ഗുണഗണങ്ങള്‍ അയാളോട് പറഞ്ഞു: ഒരു വര്‍ഷത്തെ ജോലി ഇത് ഒരു ദിവസം കൊണ്ടു ചെയ്ത് തീര്‍ക്കും. ഇത് കേട്ടപ്പോള്‍ ധനികന് ആ ഭൂതത്തെ വാങ്ങാന്‍ ഒരാഗ്രഹം. വില ചോദിച്ചപ്പോള്‍ സന്യാസി 500 രൂപ എന്ന് പറഞ്ഞു. വിലക്കുറവിന്റെ കാരണമന്വേഷിച്ചപ്പോള്‍ സന്യാസി പറഞ്ഞു: ഈ ഭൂതത്തിന് എപ്പോഴും എന്തെങ്കിലും ഒരു പണി കൊടുക്കണം. ഒരു പണിയും ഇല്ലാതെവന്നാല്‍ ഈ ഭൂതം അതിന്റെ ഉടമയെ തിന്നും. തനിക്ക് ധാരാളം പണിയുണ്ടെന്ന് പറഞ്ഞ് അയാള്‍ ഭൂതത്തെ വാങ്ങി. പക്ഷേ, അത് അസാധാരണവേഗത്തില്‍ പണികളെല്ലാം ചെയ്തു. തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ ധനികന്‍ സന്യാസിയുടെ അടുത്തെത്തി സഹായം ചോദിച്ചു. സന്യാസി പറഞ്ഞു: ജോലി ഇല്ലാത്തപ്പോള്‍ ഭൂതത്തോട് മുറ്റത്ത് നില്‍ക്കുന്ന മുളയില്‍ കയറുകയും ഇറങ്ങുകയും ചെയ്യാന്‍ പറയുക.. സന്യാസി പറഞ്ഞതു പോലെ ചെയ്ത് അയാള്‍ തന്റെ ജീവന്‍ രക്ഷിച്ചു. മൂല്യവും വിലയും തമ്മില്‍ പൊരുത്തക്കേട് ഉള്ളവയിലെല്ലാം അപകടമോ ഉപയോഗശൂന്യതയോ ഒളിഞ്ഞിരിപ്പുണ്ട്. ഓരോന്നിനും അതര്‍ഹിക്കുന്ന വിലയുണ്ട്. അധികവില നല്‍കുന്നവയ്‌ക്കെല്ലാം അധികവൈശിഷ്ട്യവും താണവിലയുള്ളവയ്‌ക്കെല്ലാം ഗുണമേന്മയില്ലയെന്നുള്ള ധാരണകളെല്ലാം ബുദ്ധിശൂന്യമാണ്. ഇളവുകളുടേയും സൗജന്യങ്ങളുടേയും പിന്നാമ്പുറങ്ങളില്‍ പലവിധ ഉദ്ദേശങ്ങളുമുണ്ടാകും. എണ്ണവും ഗുണനിലവാരവും മുന്നില്‍ വരുമ്പോള്‍ എന്തു തിരഞ്ഞെടുക്കുന്നു എന്നതിലാണ് ജീവിതത്തിന്റെ വൈശിഷ്ട്യം അടങ്ങിയിരിക്കുന്നത്. വാഗ്ദാനങ്ങളില്‍ വീഴും മുമ്പ് നമുക്ക് തിരഞ്ഞെടുപ്പുകളുടെ രീതിശാസ്ത്രത്തിലൂടെ കടന്നുപോകാം. - ശുഭദിനം.