സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ആക്ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. സിപിഐ എം പരാതിയിൽ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈം ബ്രാഞ്ചിന് കൈമാറുക. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. സമാനമായ മറ്റൊരു പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ പരാതിയിൽ ആക്‌ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ള കർണാടക പൊലീസിനു മുൻപാകെ കഴിഞ്ഞദിവസം ഹാജരായി. ബെംഗളൂരു കെആർപുരം പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. ഭീഷണിപ്പെടുത്തൽ കുറ്റത്തിനു ചുമത്തുന്ന ക്രിമിനൽ ശിക്ഷാനിയമം 506 പ്രകാരമാണു വിജേഷിനെതിരെ കേസെടുത്തിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്നയുടെ ആരോപണം. കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.