ആറ്റുകാൽപൊങ്കാലയിൽ കയ്യും മെയ്യും മറന്ന് ഒരുമയോടെ പ്രവർത്തിച്ച സന്നദ്ധസേവകരെ അനുമോദിച്ച് ജില്ലാ ഭരണകൂടം. പൊങ്കാലയോടനുബന്ധിച്ച് ഉത്സവമേഖലയിൽ സന്നദ്ധനിരതരായ 250തോളം വൊളന്റിയർമാർക്ക് ജില്ലാ കളക്ടർ ജെറോമിക് ജോർജ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എൻഎസ്എസ്, എൻസിസി, എൻജിഒ കൂട്ടായ്മയായ ഇന്റർ ഏജൻസി ഗ്രൂപ്പ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആറ്റുകാൽ പൊങ്കാലയുടെ തലേദിവസം മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ വിദ്യാർത്ഥികളുൾപ്പെടെയുള്ളവരുടെ സേവനം ഭക്തജനങ്ങൾക്കും കൈത്താങ്ങായി. സബ് കളക്ടറും ആറ്റുകാൽ പൊങ്കാല നോഡൽ ഓഫീസറുമായ അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു വൊളന്റിയർമാരുടെ പ്രവർത്തനം. എൻസിസി, എൻഎസ്എസ് വിഭാഗങ്ങളിൽ നിന്ന് 100 പേർ വീതവും ഇന്റർ ഏജൻസി ഗ്രൂപ്പിൽ നിന്ന് 50 പേരുമാണ് 'ഒരുമയോടെ തിരുവനന്തപുരം' സംഘത്തിലുണ്ടായിരുന്നത്. ആറ്റുകാൽ ക്ഷേത്രപരിസരത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളിലും സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഇവരും നിലയുറപ്പിച്ചിരുന്നു. കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയും കരുതലും വൊളന്റിയർമാരുടെ കൈകളിൽ ഭദ്രമായിരുന്നു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ഡെപ്യൂട്ടി കളക്ടർ(എൽആർ) സജികുമാർ എസ്.എൽ, ഹുസൂർ ശിരസ്തദാർ രാജശേഖരൻ.എസ്, സ്‌പെഷൽ വൊളന്റിയർ കോഓർഡിനേറ്റർ സൗരവ് സന്തോഷ് എന്നിവരും പങ്കെടുത്തു.
#ഒരുമയോടെtvm #orumayodetvm