വേനല്‍ക്കാലം: ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇതുകൂടാതെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സും പരിശോധനകള്‍ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകള്‍ തുടരും. ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈല്‍ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.കടകളില്‍ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാക്കാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ. ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടന്ന് കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണ സാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലില്‍ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.വേനല്‍ക്കാലമായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നത് നല്ലത്. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക.