റെയില്‍വേ പൊലീസിനെ ആക്രമിച്ച മോഷ്ടാവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. വര്‍ക്കല ചാവടിമുക്ക് സ്വദേശിയായ മുരുകനാണ് (36) പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30ഓടെ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.രാത്രി 8.45ന് കൊല്ലം ഭാഗത്തേക്കു പോയ മെമു ട്രെയിനില്‍ നിന്ന് ഒരു ബാഗ് മോഷണം പോയതായി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് ലഭിച്ചു.
സംശയാസ്പദമായ രീതിയില്‍ കാണുന്നവരെ പരിശോധിക്കണമെന്നും നിര്‍ദ്ദേശം ലഭിച്ചു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് പ്ലാറ്റ്‌ഫോമില്‍ സംശയാസ്പദമായ രീതിയില്‍ രണ്ട് ബാഗുകളുമായി നില്‍ക്കുകയായിരുന്ന മുരുകന്റെ സമീപത്തേക്ക് നീങ്ങി. പൊലീസ് വരുന്നത് കണ്ടയുടനെ ഇയാള്‍ കൈയില്‍ കരുതിയിരുന്ന ബാഗ് പ്ലാറ്റ്‌ഫോമിന്റെ മതിലിന് വെളിയിലേക്കെറിഞ്ഞു.ഇത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. എന്നാല്‍ വിനോദ് അതിവിദഗ്ദ്ധമായി ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തുകയും വര്‍ക്കല പൊലീസിന് കൈമാറുകയും ചെയ്തു.
കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ച വര്‍ക്കല പൊലീസിനെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.കൊല്ലം മെമു ട്രെയിനില്‍ നിന്നാണ് മുരുകന്‍ ബാഗുകള്‍ കവര്‍ന്നത്. ഇയാള്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറി, ഇതില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരനായ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് അഡ്മിനിസ്റ്റേറ്റിവ് അസിസ്റ്റന്റ് ഉദ്യോഗസ്ഥനായ സന്തോഷിന്റെ ബാഗും മോഷ്ടിച്ചുകൊണ്ടാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്.കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിനു മുന്നേ ബാഗ് നഷ്ടപ്പെട്ടത് മനസിലാക്കിയ സന്തോഷ് റെയില്‍വേ പൊലീസിനെ വിവരം
അറിയിക്കുകയായിരുന്നു.വര്‍ക്കല,കിളിമാനൂര്‍,കണ്ണൂര്‍,തൃശ്ശൂര്‍, കൊല്ലം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.