ബെംഗളൂരു: ഏകീകൃത കളര്‍ കോഡില്‍ നിന്നു രക്ഷപ്പെടാന്‍ കര്‍ണാടകയിലേക്കു റജിസ്ട്രേഷന്‍ മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ കോളേജിലെ മലയാളി വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് ബെംഗളൂരുവിന് അടുത്താണ് നാട്ടുകാര്‍ തടഞ്ഞത്. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ചാണ് നാട്ടുകാർ തടഞ്ഞത്. ബസിനു മുന്നിലെ ഫ്ലൂറസന്‍സ് ഗ്രാഫിക്സുകള്‍ കണ്‍സീലിങ് ടേപ്പ് കൊണ്ട് മറച്ചതിനു ശേഷമാണ് ബസിന്റെ യാത്ര തുടരാന്‍ അനുവദിച്ചത്. കേരളത്തിലെ നിയമം മറികടക്കാന്‍ ബസുകളുടെ റജിസ്ട്രേഷന്‍ ഈയിടെയാണു കര്‍ണാടകയിലേക്കു മാറ്റിയത്.ചിക്കമംഗലൂരുവിലേക്കുള്ള യാത്രക്കിടെയാണ് ബസിനെ തടഞ്ഞത്. വലിയ ശബ്ദത്തിൽ പാട്ട് വെച്ചായിരുന്നു യാത്ര. കേരളത്തിൽ സമീപ കാലത്ത് ഉണ്ടായ അപകടങ്ങളെ തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് കർശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതേ തുടർന്ന് കൊമ്പൻ ബസുടമ തന്റെ 30 ബസുകളുടെയും രജിസ്ട്രേഷൻ ബെംഗളൂരുവിലെ ബന്ധുവിന്റെ പേരിലേക്ക് മാറ്റിയിരുന്നു. ഓടുന്ന ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ബസിനെതിരെ കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. അതേസമയം ശബ്ദവും വെളിച്ച സംവിധാനങ്ങളുമല്ല ബസ് തടയാൻ കാരണമെന്നും വിദ്യാർത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ബസ് തടഞ്ഞതെന്നും ബസുടമ വിശദീകരിച്ചു.