കൊല്ലം : കൊല്ലം കോർപ്പറേഷനിൽ മാലിന്യ നിർമാർജനം വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞത് സോണ്ട കമ്പനിയെ ഒഴിവാക്കിയതുകൊണ്ടാണെന്ന് മേയറും സിപിഎം നേതാവുമായ പ്രസന്ന ഏണസ്റ്റ്. ഇടത് സർക്കാർ പൂങ്കാവനമാക്കി മാറ്റിയ കൊല്ലത്തെയും ഗുരുവായൂരിലെയും മാലിന്യപ്ലാന്റ് പ്രതിപക്ഷം സന്ദർശിക്കണമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് ഇന്നലെ സഭയിൽ പറഞ്ഞിരുന്നു. എന്നാൽ പൂങ്കാവനം സാധ്യമായത് സോണ്ടയുമായുള്ള കരാറിൽനിന്ന് പിന്മാറി മറ്റൊരു ഉത്തരവാദിത്തമുള്ള കമ്പനിയെ ഏൽപ്പിച്ചതുകൊണ്ടാണെന്ന് മേയർ പറയുന്നു.കൊല്ലം കോർപ്പറേഷനുമായിട്ടുള്ള കരാറിൽനിന്ന് തങ്ങൾ ആണ് പിന്മാറിയതെന്ന് സോണ്ട കമ്പനിയുടെ എംഡി രാജ്കുമാർ ചെല്ലപ്പൻപിള്ള അവകാശപ്പെട്ടിരുന്നു. ഈ വാദം പൂർണ്ണമായി തള്ളുകയാണ് പ്രസന്ന ഏണസ്റ്റ്. ഇടതുസർക്കാരിന്റെ മാതൃകാ മാലിന്യ നിർമാർജനത്തിന് ഉദാഹരണമായി തദ്ദേശമന്ത്രി ചൂണ്ടിക്കാട്ടിയ കൊല്ലം കുരീപ്പുഴയിലെ മാലിന്യ പ്ലാന്റ് ബയോമൈനിങ് വിജയകരമായി പൂർത്തിയാക്കിയത് സോണ്ടയെ ഒഴിവാക്കി പണി അറിയാവുന്ന കമ്പനിയെ ഏൽപ്പിച്ചതുകൊണ്ടെന്ന് കൊല്ലം മേയർ തന്നെ പറയുമ്പോൾ ഉയരുന്നത് ഒരു ചോദ്യമാണ്, പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ അടക്കം തള്ളി സർക്കാർ സോണ്ടയ്ക്കായി വാദിക്കുന്നത് എന്തിന്?