ഇന്ന് ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര പോരാളി ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ജീവത്യാഗത്തിലൂടെ ഭഗത് സിംഗ് രാജ്യത്തിന് നൽകിയ സംഭാവന തലമുറകൾ പിന്നിട്ടിട്ടും നമ്മൾ ആദരവോടെ ഓർക്കുന്നു. ധീര പോരാളികളായ ഭഗത് സിംഗ്,സുഖ്‌ദേവ്, രാജ്ഗുരു എന്നീ മൂവർ സംഘത്തെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1931 മാർച്ച് 23 നാണ്. ജോൺ സോണ്ടേഴ്‌സ് എന്ന ബ്രിട്ടിഷ് പൊലീസുദ്യോഗസ്ഥനെ വെടിവച്ചു കൊന്നതായിരുന്നു ഇവർക്ക് മേൽ ചുമത്തിയ കുറ്റം.
ലാലാ ലജ്പത് റായ്യുടെ മരണത്തിന് കാരണക്കാരനായ ജെയിംസ് സ്‌കോട്ടിനെ വധിക്കുകയായിരുന്നു മൂവരുടേയും ലക്ഷ്യം. എന്നാൽ സ്‌കോട്ട് എന്ന് തെറ്റിദ്ധരിച്ച് വധിച്ചത് സോണ്ടേഴ്‌സിനെ. പ്രതികാരം ചെയ്‌തെന്ന് പ്രഖ്യാപിച്ച ഭഗത് സിംഗ് മാസങ്ങളോളം ഒളിവിൽ കഴിഞ്ഞു. 1929 ഏപ്രിലിൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്‌ളി കെട്ടിടത്തിൽ ബോംബ് വച്ച് വീണ്ടും നോട്ടപ്പുള്ളിയായി. ഒടുവിൽ ഇൻക്വിലാബ് സിന്ദാബാദ് എന്ന പ്രശസ്ത മുദ്രാവാക്യം മുഴക്കി ഭഗത്സിംഗ് കീഴടങ്ങി.ജയിലിലും തളരാത്ത പോരാട്ടവീര്യമായിരുന്നു ഭഗത് സിങ്ങിന്. ഇന്ത്യൻ തടവുകാരുടെ മോശം ജീവിത സാഹചര്യത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തി. ഇതിനിടെ വിചാരണ നേരിട്ടു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. രണ്ട് വർഷങ്ങൾക്ക് ശേഷം 23-ാം വയസിൽ ആ ധീരയുവാവ് തൂക്കുമരത്തിൽ മരണം വരിച്ചു. ഇന്നത്തെ പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ലഹോർ സെൻട്രൽ ജയിലിൽ വച്ച് മൂന്ന് ധീര പോരാളികളേയും തൂക്കിലേറ്റി. കൊലമരത്തിന് മുന്നിൽ ഭയചകിതരാകാതെ, മുഖം കറുത്ത തുണി കൊണ്ട് മൂടാൻ അനുവദിക്കാതെ, ഇൻക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തകരട്ടെ, ബ്രിട്ടീഷുകാരം ഇന്ത്യ വിടുക എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് സധൈര്യം മരണം വരിച്ചത്.

മരണത്തിന് ശേഷം വർഷം ഏത്ര പിന്നിട്ടിട്ടും ആ പോരാട്ടവീര്യത്തിൽ നിന്ന് ഇന്നും ഊർജം സംഭരിക്കുന്ന, അവകാശത്തിനായി പോരാടുന്ന ജനതയെ നമുക്ക് പലയിടത്തും കാണാം. ഭഗത് സിംഗിന്റേയും സുഖ്‌ദേവിന്റേയും രാജ്ഗുരുവിന്റേയും ഓർമകൾ ഇനിയും ഏത്രയോ കാലം നമ്മെ പ്രചോദിപ്പിക്കും.