ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോള്‍, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവന്‍ നീളുന്ന മുറിപ്പാടാണ് മനസ്സില്‍ ഉണ്ടാക്കുന്നതെന്ന് ഖുശ്ബു പറഞ്ഞു. ”എന്റെ അമ്മയുടെ വിവാഹ ബന്ധം അങ്ങേയറ്റം മോശമായിരുന്നു. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ വ്യക്തിയായിരുന്നു അച്ഛന്‍. എട്ടാം വയസ്സിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാല്‍ പതിനഞ്ചാം വയസ്സില്‍ മാത്രമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ തനിക്ക് ധൈര്യം വന്നത്”.
എന്തൊക്കെ സംഭവിച്ചാലും ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലര്‍ത്തിയിരുന്ന ആളാണ് അമ്മയെന്നും അതിനാല്‍ അച്ഛനെക്കുറിച്ച് പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും ഖുശ്ബു പറഞ്ഞു. എന്തെങ്കിലും പറഞ്ഞാല്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ അധിക്ഷേപം കേള്‍ക്കേണ്ടി വരുമെന്ന ആശങ്കയാണ് വര്‍ഷങ്ങളോളം മൗനം പാലിക്കാന്‍ കാരണം. എന്നാല്‍ 15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലില്‍ നിന്നാണ് എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്.
16 വയസ്സ് എത്തും മുമ്പുതന്നെ അച്ഛന്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അന്നെന്നും ഖുശ്ബു വെളിപ്പെടുത്തി.