നഗ്നനായി നടന്ന് മോഷണം, ജയിലില്‍ നിന്നിറങ്ങി വീണ്ടും കവര്‍ച്ച; 'വാട്ടർ മീറ്റർ' കബീര്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: നഗ്നനായി നടന്ന് മോഷണം നടത്തിയെന്ന കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാവ് മറ്റൊരു മോഷണക്കേസില്‍ പിടിയില്‍ വാട്ടർ മീറ്റർ കബീർ എന്ന് വിളിക്കുന്ന കബീറാണ് മലപ്പുറത്ത് പിടിയിലായത്. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി മേലേത്ത് വീട്ടിൽ അബ്ദുൽ കബീർ (50)എന്ന വാട്ടർ മീറ്റർ കബീറാണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം എടരിക്കോട് എം.എം വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. രാത്രികാലങ്ങളിൽ ആളില്ലാത്തവീടുകളും കടകളും കുത്തിത്തുറന്ന് പ്രദേശത്ത് പരമാവധി മോഷണം നടത്തുക എന്നതാണ് പ്രതിയുടെ രീതി. കണ്ണൂരിൽ നഗ്നനായി നടന്ന് മോഷണം നടത്തിയ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് മലപ്പുറത്ത് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂരിലെ മോഷണത്തിന് സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം എടരിക്കോട്ട് നടത്തിയ മോഷണമാണ്  കബീറിനെ കുടുക്കിയയത്. ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്  ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കോട്ടക്കൽ ഇൻസ്പെക്ടർ അശ്വത്തിന്റെ  നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കബീര്‍ പിടിയിലാകുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 15ഓളം മോഷണ കേസുകളില്‍ ഉൾപ്പെട്ട ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീറിന്റെ നിർദേശത്തെ തുടർന്ന് എസ് ഐ പ്രിയൻ,  പൊലീസ് ഉദ്യോഗസ്ഥരായ രജീഷ്, ദിനേഷ് ഇരുപ്പക്കണ്ടൻ, ഷഹേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.