തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഒരു ചിത്രമുണ്ട്. പൊങ്കാലയോട് അനുബന്ധിച്ച് ഏറ്റവും അധികം ചർച്ചയായ ഒരു ചിത്രവും ഇതുതന്നെയാകും. പൊങ്കാല അടുപ്പിലെ കലത്തിൽ അരി ഇടുന്ന തലയിൽ തൊപ്പി വെച്ച യുവാവിന്റെ ചിത്രമായിരുന്നു അത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ ചിത്രത്തിൽ ഉള്ളത് പാറ്റൂർ തമ്പുരാൻ മുക്ക് സ്വദേശി അമിത് ഖാൻ ആണ്. കുട്ടികാലം മുതൽക്കേ ഉള്ള ആഗ്രഹ സാഫല്യത്തിന്റെ ചിത്രം കൂടിയായിരുന്നു അത്. ആറ്റുകാൽ പൊങ്കാലയിൽ പങ്കാളിയാവുക എന്നത് തന്റെ വലിയ ആഗ്രഹം ആയിരുന്നു എന്ന് അമിത് പറയുന്നു. പക്ഷേ പലപ്പോഴും തൻ്റെ തലയിലെ തൊപ്പിയും നിസ്കാര തഴമ്പും പലർക്കും അലോസരം ഉണ്ടാക്കിയിരുന്നതിനാൽ മാറിനിൽക്കുകയായിരുന്നു.പതിവുപോലെ ആറ്റുകാൽ പൊങ്കലയോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കുന്നത് നോക്കിക്കാണാൻ ജനറൽ ആശുപത്രി ജങ്ഷനിലേക്ക് എത്തിയതായിരുന്നു അമിത്. ഇവിടെ സിഐടിയു-വിൻ്റെ നേതൃത്വത്തിൽ പൊങ്കാല അർപ്പിക്കാൻ സജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇവിടെ എത്തി കുറച്ചുനേരം എല്ലാം നോക്കി കണ്ടു നിന്നു. പക്ഷേ തന്റെ മനസിലെ വർഷങ്ങളായുള്ള ആഗ്രഹം ഉള്ളിലൊതുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ തെല്ലൊന്ന് സംശയിച്ച് ആണെങ്കിലും സ്ഥലത്ത് ഉണ്ടായിരുന്ന മുൻ നഗരസഭ കൗൺസിലറും പാളയം ലോക്കൾ കമ്മിറ്റി സെക്രട്ടറിയുമായ ഐപി ബിനുവിനോട് തൻ്റെ ആഗ്രഹം അമിത് പറഞ്ഞു. 'പിന്നെന്താ കൂടെ വാ' എന്നായിരുന്നു ഐപി ബിനുവിന്റെ മറുപടി.പിന്നെ സ്ഥലത്തെ പ്രധാന ശ്രദ്ധാകേന്ദ്രമായി അമിത് മാറി. തുടർന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിലെ പൂജാരിക്കൊപ്പം സിഐടിയു പ്രവർത്തകർ ഒരുക്കിയ പണ്ടാര അടുപ്പിൽ നിവേദ്യം അർപ്പിക്കാനും കുരവയിടാനും പൊങ്കാലനിവേദ്യത്തിനും അമിത് മുന്നിലുണ്ടായിരുന്നു. 'ഞാൻ മതവിശ്വാസിയാണ്, പക്ഷേ, എല്ലാ മതങ്ങളും മനുഷ്യരും ഒന്നാണന്ന് വിശ്വസിക്കാനാണ് എനിക്ക് താൽപര്യം'- അമിത് പറയുന്നു. സാധിച്ചാൽ അടുത്ത വർഷവും പൊങ്കാല ഇടും എന്ന് അമിത് ഖാൻ പറഞ്ഞു.