'നോട്ടെണ്ണൽ പരീക്ഷ'യിൽ പരാജയപ്പെട്ടു; വരനെ വിവാഹവേദിയിൽ വെച്ച് ഒഴിവാക്കി വധു ഇറങ്ങിപ്പോയി

ആഗ്ര: വരന്റെ മാനസികാരോ​ഗ്യത്തിൽ സംശയം തോന്നിയ വധു, വേദിയിൽ വെച്ച് പരീക്ഷ നടത്തി. കറൻസി നോട്ടെണ്ണുന്ന പരീക്ഷയിൽ വരൻ പരാജയപ്പെട്ടതിനെ തുടർന്ന് വധു വിവാഹം ഒഴിവാക്കി വേദിയിൽ നിന്നിറങ്ങിപ്പോയി. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. 21 കാരിയായ റീത്താ സിങ്ങാണ് വിവാഹം റദ്ദാക്കിയത്. വരന്റെ വീട്ടുകാർ യുവാവിന് മാനസികരോഗമുള്ള കാര്യം മറച്ചുവെച്ചെന്ന് വധുവും വീട്ടുകാരും ആരോപിച്ചു. മുഹമ്മദാബാദ് കോട്വാലി സ്വദേശിയാണ് വധു.വിവാഹ വേദിയിൽ നിന്ന് വധു ഇറങ്ങിപ്പോയതോടെ കുടുംബങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.  23 കാരനായ വരന്റെ മനസികാരോ​ഗ്യത്തിന് പ്രശ്നമുള്ള കാര്യം  വിവാഹ ദിവസം വരെ തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. വിവാഹച്ചടങ്ങ് ആചാരപരമായി നന്നായി നടക്കുകയായിരുന്നു.  അടുത്ത ബന്ധുവായിരുന്നു വിവാഹത്തിന്റെ ഇടനിലക്കാരൻ. അതുകൊണ്ടു  തന്നെ അയാളെ വിശ്വസിച്ചു. വരനെ പോയി കണ്ടില്ല. എന്നാൽ ചടങ്ങിനിടെ വരന്റെ വിചിത്രമായ പെരുമാറ്റം പൂജാരി പെൺവീട്ടുകാരോട് പറഞ്ഞു. തുടർന്നാണ് വധു പരീക്ഷ നടത്തിയത്.10 രൂപയുടെ 30 നോട്ടുകൾ എണ്ണാൻ വരനോട് ആവശ്യപ്പെട്ടു. എന്നാൽ 10 നോട്ടുകൾ പോലും എണ്ണുന്നതിൽ വരൻ പരാജയപ്പെട്ടു. തുടർന്നാണ് വരനെ വേണ്ടെന്ന് ‌യുവതി തീർത്തുപറഞ്ഞത്. മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചെങ്കിലും വധു തയ്യാറായില്ലെന്നും ചടങ്ങിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അംഗം ഗുലു മിശ്ര പറഞ്ഞു. സംഭവത്തിൽ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ലെന്ന് എസ്എച്ച്ഒ അനിൽ കുമാർ ചൗബെ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.