കൊല്ലം കടയ്ക്കലിൽ നടുറോഡില്‍ തമ്മിലടിച്ച് സ്ത്രീകള്‍, യുവാവിന്റെ കൈ തല്ലിയൊടിച്ചു; കമ്പി വടികൊണ്ട് മര്‍ദ്ദിച്ചത് വീഡിയോ പകര്‍ത്തിയെന്നാരോപിച്ച്

കൊല്ലം കടയ്ക്കലിൽ നടുറോഡില്‍ സ്ത്രീകളുടെ തമ്മില്‍ തല്ല്. സ്ത്രീകള്‍ തമ്മില്‍ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതിനിടെ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ യുവതി അടിച്ചൊടിച്ചു. കടയ്ക്കല്‍ സ്വദേശി വിജിത്തിനാണ് പരിക്കേറ്റത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അന്‍സിയയാണ് വിജിത്തിനെ കമ്പിവടി കൊണ്ട് മര്‍ദ്ദിച്ചത്. വിജിത്തിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച കടയ്ക്കല്‍ പാങ്ങലുകാടാണ് സംഭവം. 

പാങ്ങലുകാടില്‍ തയ്യല്‍ക്കട നടത്തുകയാണ് അന്‍സിയ. ഇവരും മറ്റ് രണ്ട് സ്ത്രീകളും തമ്മിലാണ് വാക്കു തര്‍ക്കമുണ്ടായത്. പിന്നാലെ അസഭ്യം പറഞ്ഞ് മൂവരും തമ്മില്‍തല്ലുകയായിരുന്നു. തിരക്കേറിയ ജങ്ഷനിലായിരുന്നു സംഭവം. ഇതിനിടെ സമീപത്തെ ഓട്ടോഡ്രൈവറായ വിജിത്ത് വീഡിയോ പകര്‍ത്തിയെന്ന് അന്‍സിയക്ക് സംശയം തോന്നി. ഇത് ചോദ്യം ചെയ്യാനെത്തിയ ഇവര്‍ ഫോണ്‍ കാണിക്കാന്‍ വിജിത്തിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ വീഡിയോ എടുത്തിട്ടില്ലെന്നും ഫോണ്‍ തരാന്‍ കഴിയില്ലെന്നും വിജിത്ത് മറുപടി നല്‍കി. പിന്നാലെ ഓട്ടോയിലേക്ക് കയറുന്നതിനിടെ കമ്പി വടി കൊണ്ട് യുവതി വിജിത്തിനെ ആക്രമിക്കുകയായിരുന്നു. വിജിത്തിന് പരിക്കേറ്റതോടെ ഇവര്‍ ഓടി തയ്യല്‍കടയില്‍ കയറി ഷട്ടറിട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് വിജിത്തിനെ ആശുപത്രിയിലെത്തിച്ചത്. യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കടയ്ക്കല്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് സ്ത്രീകളും അന്‍സിയക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്.