നദിയിൽ സ്വർണ്ണത്തരികൾ, നദീതീരത്ത് സ്വർണം ശേഖരിക്കാൻ ഗ്രാമവാസികളുടെ തിരക്ക്, സംഭവം പശ്ചിമ ബംഗാളിൽ

പശ്ചിമബംഗാളിൽ നദിയിൽ സ്വർണം കണ്ടെത്തിയതിനെ തുടർന്ന് സ്വർണം ശേഖരിക്കാനായി ഗ്രാമവാസികളുടെ തിരക്ക്. ബിർഭും ജില്ലയിലെ ബൻസ്ലോയ് നദിയുടെ തീരത്താണ് സ്വർണം ശേഖരിക്കാനായി ആളുകൾ തിരക്ക് കൂട്ടുന്നത്. ആജ് തക് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഈ ആഴ്ച ആദ്യം ബൻസ്ലോയ് നദിയിൽ കുളിക്കുന്നതിനിടെ ചില ഗ്രാമീണർ സ്വർണ്ണത്തിന്റെ ചെറിയ കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ ഗ്രാമീണർ കൂട്ടത്തോടെ നദീതീരത്തേക്ക് എത്തുന്നത്. നദിയിൽ സ്വർണത്തിന്റെ തരികൾ ഉണ്ട് എന്ന് അറിഞ്ഞത് മുതൽ അയൽ ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടേക്ക് സ്വർണം ശേഖരിക്കാൻ ആയി എത്തുകയാണ്. പാർക്കണ്ടിയിലെ മുരാരുയി ഒന്നാം ബ്ലോക്കിലെ ഘാട്ടിൽ സ്ഥിതി ചെയ്യുന്ന ബാൻസ്ലോയ് നദീതടത്തിൽ നിന്നാണ് നാട്ടുകാർ സ്വർണത്തരികൾ കണ്ടെത്തിയത്. സ്വർണ്ണത്തിൻറെ തരികൾ കണ്ടെത്തിയതിനെത്തുടർന്ന് നദീതീരത്തെ മണ്ണ് നീക്കം ചെയ്തപ്പോഴാണ് ഗ്രാമവാസികൾക്ക് കൂടുതൽ സ്വർണ്ണം കിട്ടിയത്. സ്വർണ്ണത്തരികളെക്കാൾ അൽപ്പംകൂടി വലിപ്പമുള്ള സ്വർണമാണ് മണ്ണിനടിയിൽ നിന്നും ഇവർക്ക് കിട്ടിയത്. ഇതിൽ ചിലത് പഴയ നാണയങ്ങൾ പോലെയാണ് കാണപ്പെടുന്നതെന്നും അതിൽ ചില പുരാതന അക്ഷരങ്ങൾക്കും അടയാളങ്ങൾക്കും സമാനമായ രീതിയിൽ എന്തോ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗ്രാമവാസികൾ പറയുന്നതാണ് ആജ് തക് റിപ്പോർട്ട് ചെയ്യുന്നത്.മണ്ണിന് അടിയിൽ നിന്നും കിട്ടുന്ന നാണയങ്ങളും തരികളും സ്വർണമാണ് എന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ഗ്രാമീണർ ഇപ്പോൾ ഇവിടെ തിരച്ചിൽ നടത്തുന്നത്. ചിലർ ഇത് നിധിയാണെന്നും വിശേഷിപ്പിക്കുന്നുണ്ട്. കൂടുതൽ കിട്ടും എന്നുള്ള പ്രതീക്ഷയിൽ കൂടുതൽ ആഴത്തിലും കൂടുതൽ ദൂരത്തേക്കും ഇപ്പോൾ ഗ്രാമവാസികൾ തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. കൂടുതൽ ആളുകൾ നദീതീരത്തെ തമ്പടിക്കാൻ തുടങ്ങിയതോടെ സുരക്ഷാ നിർദ്ദേശങ്ങളുമായി പൊലീസും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.