ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു

മുതിര്‍ന്ന ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ (71) അന്തരിച്ചു. അദ്ദേഹത്തിന്‍റെ ബന്ധു ഗണേഷ് ഖാഖര്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.അദ്ദേഹത്തിന്‍റെ ആരോഗ്യനില ഉറക്കത്തില്‍ വച്ച്  മോശമാവുകയായിരുന്നെന്ന് സമീര്‍ ഖാഖറിന്റ  ഡോക്ടർ ഇ ടൈംസിനോട് പറഞ്ഞു. ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ക്രമത്തില്‍ ആയിരുന്നില്ല. മൂത്ര സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ച അദ്ദേഹം പുലര്‍ച്ചെ 4.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്, ഗണേഷ് പറഞ്ഞു. മുംബൈ ബോറിവലിയിലുള്ള എം എം ഹോസ്പിറ്റലില്‍ വച്ചാണ് മരണം. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും നാടകവേദികളിലും ഒരേപോലെ ആസ്വാദകശ്രദ്ധ നേടിയ നടനാണ് സമീര്‍ ഖാഖര്‍. നുക്കദ്, മനോരഞ്ജന്‍, സര്‍ക്കസ്, നയാ നുക്കദ്, ശ്രീമാന്‍ ശ്രീമതി, അദാലത്ത് തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച ശ്രദ്ധേയ പരമ്പരകള്‍. ഗുജറാത്തി നാടകവേദിയിലും സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. 1980 കളുടെ മധ്യം മുതല്‍ സിനിമകളില്‍ സജീവമായിരുന്നു അദ്ദേഹം.