പോത്തൻകോട് • പ്ലസ് വൺ വിദ്യാർഥിനിയെ നടുറോഡിൽ വച്ച് അതിക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ കാട്ടായിക്കോണം മേലേ കാവുവിള വീട്ടിൽ വിനയൻ (28), പിരപ്പൻകോട് പ്ലാക്കീഴ് ശരണ്യ ഭവനിൽ അരുൺ പ്രസാദ് (31) എന്നിവരെ തെളിവെടുപ്പ് നടത്തി. സംഭവം നടന്ന ചേങ്കോട്ടുകോണം ജംക്‌ഷനു സമീപം കൂസലില്ലാതെ പ്രതികൾ നിൽക്കുമ്പോൾ വളരെ അകലം പാലിച്ച് കാഴ്ചക്കാരായി നാട്ടുകാരും ഉണ്ടായിരുന്നു.പെൺകുട്ടിയാണെന്ന് ആദ്യം അറിഞ്ഞില്ലെന്നും പ്രതികരിച്ചപ്പോൾ വീണ്ടും മർദിച്ചെന്നും പ്രതികൾ പറഞ്ഞു. കേസിൽ 2 പേർകൂടി പ്രതികളാണ് ഇതിൽ ഒരാൾ കൊലപാതകക്കേസിൽ ഉൾപ്പെടെ പ്രതിയാണെന്നും ഒളിവിൽ പോയ ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ചേങ്കോട്ടുകോണം എസ്എൻ പബ്ലിക് സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെ തലമുടിയിൽ പിടിച്ചതിന് പെൺകുട്ടി പ്രതികരിച്ചെന്ന കാരണത്താലായിരുന്നു നാലംഗ ക്രിമിനൽ സംഘം ക്രൂരമായി മർദിച്ചത്.തടയാനെത്തിയ സഹപാഠിക്കും മർദനമേറ്റു. ആക്രമണത്തിൽ പെൺകുട്ടിയുടെ ചെവിക്കും നെഞ്ചിനും വയറിനും പരുക്കേറ്റിരുന്നു. പോത്തൻകോട് എസ്എച്ച്ഒ ഡി.മിഥുൻ, പ്രിൻസിപ്പൽ എസ് ഐ ആർ .എൽ രാജീവ്, പൊലീസുകാരായ രതീഷ്, ഗോകുൽ, രാജീവ്, മനു സുന്ദർ, ശ്യാം, അഖിൽ, ശ്രീകല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.