ആറ്റുകാല്‍ ഭക്തിസാന്ദ്രം; പൊങ്കാല നിവേദ്യം സമര്‍പ്പിച്ചു

ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദ്യം സമര്‍പ്പിച്ചു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ നടക്കുന്ന പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് പേരാണ് തലസ്ഥാനത്തെത്തിയത്. പൊങ്കാല കൃത്യസമയത്തു തന്നെ നിവേദിച്ചു. 300 ലധികം പേരെയാണ് നിവേദ്യത്തിനായി പലയിടങ്ങയിലായി നിയോഗിച്ചത്. ഇനി അടുത്ത വർഷത്തെ പൊങ്കാലയ്ക്കായുള്ള കാത്തിരിപ്പിലാണ് ഭക്തർ. ആകാശത്ത് പുഷ്പവൃഷ്ടി നടക്കുന്നുണ്ട്.പൊങ്കാല നിവേദ്യം സമര്‍പ്പിച്ച് കഴിഞ്ഞതോടെ ഭക്തർ അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. നഗരവീഥികളും ക്ഷേത്ര പരിസരവും ഭക്തരാൽ നിറഞ്ഞിരിക്കുകയാണ്. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം അർപ്പിച്ചത്. വൈകിട്ടോടെ കുട്ടിയോട്ടവും താലപ്പൊലിയും ഉണ്ടാകും. നാളെ രാവിലെയാകും ഉത്സവത്തിന് സമാപനം.തിരുവനന്തപുരം നഗരസഭ ആറ്റുകാൽ പൊങ്കാല ശുചീകരണ പ്രവർത്തനങ്ങൾ ക്ഷേത്ര പരിസരത്തു നിന്നും ഉച്ചയ്ക്ക് ആരംഭിക്കും. മേയർ ആര്യ രാജേന്ദ്രൻ. എസ് ശുചീകരണ പ്രവർത്തനങ്ങൾ 2.30 മണിക്ക് ഉദ്ഘാടനം ചെയ്‌തു.ചൂട് കൂടുതലായതിനാൽ ധാരാളം വെളളം കുടിക്കണമെന്നും ആരോഗ്യപ്രശ്‌നമുള്ളവർ ശ്രദ്ധയോട് കൂടി പൊങ്കാലയ്ക്ക് എത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നഗരത്തിൽ കൂടുതൽ ശുചിമുറികൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.