കോഴിക്കോട് ഫ്ളാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വനിതാ ഡോക്ടർ വീണു മരിച്ച നിലയിൽ

കോഴിക്കോട് ഫ്ളാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വനിതാ ഡോക്ടർ വീണു മരിച്ച നിലയിൽ കാണപ്പെട്ടു. പന്ത്രണ്ടാം നിലയിലെ ഫ്ളാറ്റിൽ ആഘോഷത്തിന് എത്തിയ വനിതാ ഡോക്ടറായ . സദാ റഹ്മത്ത് ആണ് താഴെ വീണു മരിച്ച നിലയിൽ കാണപ്പെട്ടത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്മെൻ്റിൻ്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് വനിതാ ഡോക്ടർ താഴേക്ക് പതിച്ചത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം.

ലിയോ പാരഡൈസ് അപാർട്മെൻ്റിൻ്റെ പന്ത്രണ്ടാം നിലയിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസം പിറന്നാളാഘോഷം നടന്നിരുന്നു. ഈ പിറന്നാൾ ആഘോഷത്തിന് ഡോക്ടർക്കും ക്ഷണമുണ്ടായിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം. പുലർച്ചവരെ ഫ്ളാറ്റിൽ ആഘോഷങ്ങളും മറ്റും നടന്നിരുന്നു. നാലു മണിക്ക് ഫ്ളാറ്റിൻ്റെ താഴെ നിന്ന് വലിയൊരു ശബ്ദം കേൾക്കുകയായിരുന്നു. ഫ്ളാറ്റിൻ്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് വീണു മരിച്ചു കിടക്കുന്ന സദാ റഹ്മത്തിനെയാണ്. 

ഫ്ളാറ്റിൽ നിന്ന് താഴേക്ക് വീണപ്പോഴുള്ള ശബ്ദമായിരുന്നു തങ്ങൾ കേട്ടതെന്ന് സുരക്ഷാ ജീവനക്കാരൻ പറയുന്നു. വീണു മരിച്ച സാഹചര്യത്തിൽ ഡോക്ടറെ കണ്ടതിനെ തുടർന്ന് ഫ്ലാറ്റിലുള്ള അസോസിയേഷൻ അധികൃതരെ സുരക്ഷാ ജീവനക്കാർ വിവരം അറിയിക്കുകയായിരുന്നു. അസോസിയേഷൻ ഭാരവാഹികൾ എത്തിയതിനു പിന്നാലെ ഏത് ഫ്ളാറ്റിൽ നിന്നാണ് യുവതി വീണു മരിച്ചതെന്ന അന്വേഷണം ആരംഭിച്ചു. തുടർന്ന് യുവതി എത്തിയത് ഏത് ഫ്ളാറ്റിലാണെന്ന് കണ്ടെത്തുകയായിരുന്നു. 

യുവതി താഴെ വഏണ ഉടൻ തന്നെ ജീവനക്കാർ രക്ഷാ പ്രവർത്തനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സദാ റഹ്മത്തിനെ വാഹനത്തിൽ കയറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം. തുടർന്ന് വിവരമറിയിച്ചത് അനുസരിച്ച് വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

സദാ റഹ്മത്തിൻ്റേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. അതേസമയം മറ്റെന്തെങ്കിലും വസ്തുതകൾ മരണത്തിന് പിന്നിലുണ്ടോ എന്ന നിലയിലും അന്വേഷണം നടക്കുന്നുണ്ട്. പുലർച്ചെ വരെ ഫ്ളാറ്റിൽ ആഘോഷപരിപാടികൾ ഉണ്ടായിരുന്നതിനാൽ മരണത്തിന് പിന്നിൽ എന്താണെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്നും പൊലീസ് വ്യക്തമാക്കി.