*വിഷ്ണുവിന്റെ ഹൃദയവാല്‍വുകള്‍ ഇനിയും തുടിക്കും*.

പോത്തന്‍കോട്: നാടിനെ കണ്ണീരിലാഴ്ത്തി റോഡപകടത്തില്‍ പൊലിഞ്ഞ എന്‍ജിനിയറിംഗ് 
വിദ്യാര്‍ത്ഥി എ.എസ്. വിഷ്ണുവിന്റെ ഹൃദയ വാല്‍വുകള്‍ ഇനി മറ്റു 
ഹൃദയങ്ങള്‍ക്ക് തുടിപ്പേകും.

 ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരാണ് വിഷ്ണുവിന്റെ 
ഹൃദയവാല്‍വുകള്‍ ബന്ധുക്കളുടെ അനുമതിയോടെ ശസ്ത്രക്രിയയിലൂടെ ശേഖരിച്ചത്. ഇവ
 'വാല്‍വ് ബാങ്കില്‍" നിശ്ചിത ഊഷ്മാവില്‍ സൂക്ഷിച്ച്‌ അനുയോജ്യമായ രോഗിക്ക്
 കൈമാറും. കഴിഞ്ഞ ദിവസം രാത്രി 9 30നാണ് പോത്തന്‍കോട് ശാന്തിഗിരിയില്‍ 
ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാട്ടായികോണം 
കോട്ടുകുടിയില്‍ എ.എസ്. വിഷ്ണു (20) മരിച്ചത്.

 ആറ്റിങ്ങല്‍ 
ഗവ.എന്‍ജിനിയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് 
വിദ്യാര്‍ത്ഥിയായ വിഷ്ണു വൈകിട്ട് പോത്തന്‍കോട് വിസ്മയ ഫാന്‍സിയില്‍ 
പാര്‍ട്ട്‌ടൈമായി ജോലി ചെയ്‌തിരുന്നു. സഹപ്രവര്‍ത്തകനായ കാട്ടായിക്കോണം 
കോണത്ത് വീട്ടില്‍ വിഷ്ണുവിന്റെ ബൈക്കില്‍ ശാന്തിഗിരി പെട്രോള്‍ പമ്ബില്‍ 
നിന്ന് ഇന്ധനം നിറച്ച്‌ മടങ്ങുമ്ബോഴായിരുന്നു അപകടം. ഇരുവരെയും ഉടനെ 
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവന്‍ 
രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 
ചികിത്സയിലാണ്. വിഷ്ണുവിന്റെ പിതാവ് അശോക് കുമാര്‍ നിര്‍മാണ തൊഴിലാളിയും 
അമ്മ സൗമ്യ അങ്കണവാടി ജീവനക്കാരിയുമാണ്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി 
വൈഷ്ണവാണ് സഹോദരന്‍. മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.