അവയവ ദാനത്തിന് മാതൃകയായപ്രിയങ്കയ്ക്ക് വനിതാ ദിനത്തില്‍ ആദരം

തിരുവനന്തപുരം: എസ്എടി ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍, കരള്‍ രോഗം ബാധിച്ച പൊതുപ്രവര്‍ത്തകന് കരള്‍ പകുത്തു നല്‍കിയ എവി പ്രിയങ്കയെ ആദരിച്ചു. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍  കരുത്തു പകര്‍ന്നത് താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനമാണെന്ന് പ്രിയങ്ക പറഞ്ഞു. സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇന്നു മാറ്റം വന്നിട്ടുണ്ടെങ്കിലും ഇനിയും ഒരുപാടു ദൂരം മുന്നേറാനുണ്ട്. പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ തന്നെയാണ് സ്ത്രീകളെന്ന ഉറച്ച വിശ്വാസമാണ് അന്താരാഷ്ര്ട വനിതാ ദിനത്തില്‍ പ്രിയങ്ക പങ്കു വച്ചത്. എസ് എ ടി ആശുപത്രി റിക്രിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ പി കലാകേശവന്‍ പ്രിയങ്കയെ പൊന്നാടയണിയിച്ച് ആദരിച്ചു. എംപ്ലോയിസ് യൂണിയന്‍ കണ്‍വീനര്‍ ദേവി ലാല്‍ അധ്യക്ഷയായി. എസ് എ ടി സൂപ്രണ്ട് ഡോ എസ് ബിന്ദു പ്രിയങ്കയ്ക്ക് മെമന്റോ കൈമാറി. ഗൈനക്കോളജി വിഭാഗം മേധാവി ഡോ സുജമോള്‍ ജേക്കബ് എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു..  നിഷ രാഹുല്‍, ഷീജ, സ്മിത എന്നിവര്‍ സംസാരിച്ചു.