കൊല്ലം: രണ്ടു വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തു. കരുനാഗപ്പള്ളി– പന്തളം റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവർ പാവുമ്പ സ്വദേശി അൻസിലിന്റെ ലൈസൻസ് ആണു കരുനാഗപ്പള്ളി ജോയിന്റ് ആർടിഒ എം. അനിൽകുമാർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ചക്കുവള്ളിയിലുള്ള വർക്‌ഷോപ്പിൽനിന്നു ബസ് മണപ്പള്ളിയിലുള്ള വീട്ടിലേക്ക് ഓടിച്ചു പോകുന്നതിനിടെ അൻസിലിന്റെ സഹോദരിയുടെ മകനെ മടിയിൽ ഇരുത്തി വാഹനം ഓടിച്ചത്. ഇതിന്റെ വിഡിയോ ഈയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അൻസലിനു വീണ്ടും ലൈസൻസ് ലഭിക്കാൻ ആറ് മാസം കഴിഞ്ഞു പ്രത്യേക പരിശീലനം പാസ്സാകണം.