ചരിത്രം കുറിക്കാൻ ‘നാട്ടു നാട്ടു’, ഓസ്കർ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം

ഓസ്കർ പുരസ്കാരം പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ലോസ് ആഞ്ജലസിനെ ഓവിയേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങ് നടക്കുക. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 6.30 മുതൽ ഏഴ് മണി വരെ എബിസി നെറ്റ്‌വർക്ക് യൂട്യൂബിലുൾപ്പെടെ സംപ്രേക്ഷണം ചെയ്യും.

ഓർജിനൽ ​സോങ് വിഭാ​ഗത്തിൽ മത്സരിക്കുന്ന ‘നാട്ടു നാട്ടു’ എന്ന ​ഗാനത്തിലാണ് ഇത്തവണ ഇന്ത്യൻ പ്രതീക്ഷ. ​ഗോൾഡൻ ​ഗ്ലോബ് പുരസ്‍കാര നേട്ടം ഓസ്കർ വേദിയിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടു നാട്ടു കൂടാതെ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാ​ഗത്തിൽ ഓൾ ദാറ്റ് ബ്രീത്ത്, മികച്ച ഡോക്യൂമെന്ററി ഹ്രസ്വചിത്ര വിഭാ​ഗത്തിൽ എലിഫന്റ് വിസ്പേഴ്സും മത്സരിക്കുന്നുണ്ട്. 

എം എം കീരവാണിയും ​ഗായകന്മാരായ രാഹുൽ സിപ്ലി​ഗഞ്ചും കാലഭൈരവയും ചേർന്ന് ഓസ്കർ വേദിയിൽ ‘നാട്ടു നാട്ടു’ ലൈവായി അവതരിപ്പിക്കുന്നുമുണ്ട്. ഇത് കൂടാതെ ഇന്ത്യയ്‌ക്ക് അഭിമാനിക്കാൻ മറ്റൊന്ന് കൂടിയുണ്ട്. ഓസ്‌കർ വേദിയിൽ പുരസ്‌കാരം സമ്മാനിക്കുന്നവരിൽ ബോളിവുഡ് താരം ദീപിക പദുകോണുമുണ്ട്. ഇതിനായി ശനിയഴ്ച ദീപിക ലോസ് ആഞ്ജലസിൽ എത്തിയിട്ടുണ്ട്.