കല്ലമ്പലം: വിഴിഞ്ഞം നാവായിക്കുളം റോഡിന്റെ ഭാഗമായി കല്ലിടാൻ ബാക്കിയുണ്ടായിരുന്ന നാവായിക്കുളം മുതൽ പുതുശ്ശേരിമുക്ക് വരെയുള്ള സ്ഥലത്ത് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ കല്ലിടുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ എത്തിയെങ്കിലും നാട്ടുകാരുടെയും ആക്ഷൻ കൗൺസിലിന്റെയും അതിശക്തമായ പ്രതിഷേധത്തെ തുടർന്നു കല്ലിടൽ വീണ്ടും മാറ്റിവച്ചു. നിരന്തരമായ സമരങ്ങൾ നടത്തിയെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധമായ അനുകൂല നിലപാടുകളും ഉണ്ടാകാത്ത സാഹചര്യത്തിൽ ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല സമരം നടക്കുന്നതിനിടെയാണ് ഡെപ്യൂട്ടികളക്ടറുടെ നേതൃത്വത്തിലുള്ള ഒരു സംഘം കല്ലിടാൻ വേണ്ടി ശ്രമിച്ചത്. പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാതെയും പരാതികൾക്ക് മറുപടി തരാതിരിക്കുകയും ഏകപക്ഷീയമായി കല്ലിടാൻ വന്നപ്പോഴാണ് ജനങ്ങൾ ക്ഷുഭിതരായത്.