മുംബൈ: ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും മികച്ച പ്രകടനവുമായി മുഹമ്മദ് ഷമി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ആറ് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ ഷമിക്കായി. ജോഷ് ഇന്‍ഗ്ലിസ് (26), കാമറോണ്‍ ഗ്രീന്‍ (12), മാര്‍കസ് സ്‌റ്റോയിനിസ് (5) എന്നിവരെയാണ് ഷമി പുറത്താക്കിയത്. ഇന്‍ഗ്ലിസിനേയും ഗ്രീനിനേയും ബൗള്‍ഡാക്കുകയായിരുന്നു ഷമി. സ്‌റ്റോയിനിസിനെ സ്ലപ്പില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. തന്റെ രണ്ടാം സ്‌പെല്ലിലാണ് ഷമി ഓസീസ് മധ്യനിരയെ തകര്‍ത്തത്. തുടര്‍ച്ചയായ മൂന്ന് ഓവറുകളില്‍ ഷമി വിക്കറ്റ് വീഴ്ത്തുകയായിരുന്നു.ഇതില്‍ ഗ്രീനിന്റെ വിക്കറ്റാണ് എടുത്തുപറയേണ്ടത്. 30-ാം ഓവറില്‍ ഷമിയുടെ ഒരു ഔട്ട്‌സ്വിങ്ങര്‍ ഗ്രീന്‍ പ്രതിരോധിക്കന്‍ ശ്രമിച്ചു. എന്നാല്‍ ഡിവിയേറ്റ് ചെയ്ത പന്ത് ഗ്രീനിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു. അതിന് തൊട്ടുമുമ്പുള്ള ഓവറില്‍ ഇന്‍ഗ്ലിസിനേയു ഷമി പുറത്താക്കിയിരുന്നു. ഓഫ്സ്റ്റംപിന് പുറത്തുപോയ പന്ത് ഇന്‍ഗ്ലിസ് ഓഫ് സൈഡിലൂടെ കളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ തട്ടി സ്റ്റംപിലേക്ക് വന്നു. ഇന്‍ഗ്ലിസ് ബൗള്‍ഡ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 188ന് പുറത്തായി. 65 പന്തില്‍ 81 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മാര്‍ഷിനെ രവീന്ദ്ര ജഡേജ പുറത്താക്കി. ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡാണ് (5) ആദ്യം പുറത്തായത്. ഹെഡിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. പിന്നാലെ മാര്‍ഷ്- സ്റ്റീവ് സ്മിത്ത് (22) സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഓസീസ് ക്യാപ്റ്റനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ രണ്ടിന് 77 എന്ന നിലയിലായി ഓസീസ്. തുടര്‍ന്നെത്തിയ മര്‍നസ് ലബുഷെയ്‌നൊപ്പം 52 റണ്‍സ് കൂട്ടിചേര്‍ക്കന്‍ മാര്‍ഷിനായി. എന്നാല്‍ ജഡേജ മാര്‍ഷിനെ മടക്കി. ഇതോടെ മൂന്നിന് 129 എന്ന നിലയിലായി ഓസീസ്. പിന്നാലെ ഓസീസിന്റെ തകര്‍ച്ചയും ആരംഭിച്ചു. 15 റണ്‍സെടുത്ത ലബുഷെയ്‌നെ കുല്‍ദീപ് യാദവ് പുറത്താക്കി. മധ്യനിരയാവട്ടെ ഷമിക്ക് മുന്നില്‍ തകര്‍ന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (8) ജഡേജ പുറത്താക്കി. സീന്‍ അബോട്ട് (0), ആഡം സാംപ (0) എന്നിവരെ സിറാജ് മടക്കിയതോടെ ഓസീസ് കൂടാരം കയറി. മിച്ചല്‍ സ്റ്റാര്‍ക്ക് (4) പുറത്താവാതെ നിന്നു.