തിരുവനന്തപുരം: ഉപയോഗിക്കുന്ന കത്തി വെച്ചിരുന്ന സ്ഥലത്തു നിന്ന് ഭാര്യ മാറ്റി എന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടുകാൽ പുന്നവിള സി എസ് ഐ പള്ളിക്ക് സമീപം വി ആർ സദനത്തിൽ വിനീത് എന്നു വിളിക്കുന്ന വിമൽ കുമാറിനെ (35) ആണ് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ഏഴിന് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ പിടിയിലായത്.താൻ ഉപയോഗിച്ചിരുന്ന കത്തി വച്ചിരുന്ന സ്ഥലത്ത് കാണാത്തതിനെ ചൊല്ലിയാണ് ഭാര്യയുമായി വിനീത് വഴക്കുണ്ടായിയത്. ഇതിന് ശേഷം കത്തി കണ്ടെത്തിയതോടെ പ്രതി അത് ഉപയോഗിച്ചാണ് ഭാര്യക്ക് നേരെ ആക്രമണം നടത്തിയത്. പ്രതി ഭാര്യയുടെ കഴുത്തിൽ വെട്ടാൻ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. തടഞ്ഞ യുവതിയുടെ കയ്യിൽ സാരമായി വെട്ടേറ്റുവെന്നും പൊലീസ് പറഞ്ഞു. സ്വർണ പണയ സ്ഥാപന ഉടമയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെയും പ്രതിയാണ് വിമൽ കുമാർ എന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചക്കട വട്ടവിളയിൽ സ്വർണ പണയ സ്ഥാപന ഉടമയെ ആക്രമിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിലാണ് വിനീത് നേരത്തെ പ്രതിയായിരുന്നത്. അയൽവാസിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലും വിഴിഞ്ഞം പൊലീസ് വിനിതിനെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.