മൂവാറ്റുപുഴയിൽ ഹയർസെക്കന്‍ററി സ്കൂളിൽ ചോദ്യപേപ്പ‍ര്‍ സൂക്ഷിച്ച മുറിയിൽ മോഷണം

മൂവാറ്റുപുഴ : മൂവാറ്റുപുഴ ആനിക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹയർസെക്കന്‍ററി സ്കൂളിൽ മോഷണം. ഹയർ സെക്കന്‍ററി ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് മോഷണം നടന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ചോദ്യപേപ്പർ ഒന്നും പുറത്തുപോയിട്ടില്ല. ചോദ്യപേപ്പർ  സൂക്ഷിച്ച അലമാര സീല്‍ വെച്ച് പൂട്ടിയിരുന്നു. അതിന് യാതോന്നും സംഭവിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.ഹയർസെക്കന്‍ററി ജോയിന്‍റ് ഡയറക്ടര്‍ സ്ഥലത്തെത്തി അലമാറ തുറന്നിട്ടില്ലെന്ന് ഉറപ്പുവരുത്തും. ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് ശേഷം പൊലീസ് പറയുന്നത്. നിലവിൽ സ്ഥലം പൊലീസ് കാവലിലാണ് ഉള്ളത്. ഇന്നലെ രാത്രി 10 നും 11 നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പൊലീസ് അറിയിക്കുന്നത്. സ്കൂളിലെ അധ്യാപകരും ജീവനക്കാരും സ്കൂളിലെത്തി പരിശോധന നടത്തിയപ്പോഴാണ് വാതിൽ കല്ലുകൊണ്ട് തകർത്ത് മോഷ്ടാവ് ഉള്ളിൽ കയറിയെന്ന് വ്യക്തമായത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.