കോളജ് ടൂറിനോടനുബന്ധിച്ച് പുറത്തിറക്കിയതെന്ന് അവകാശപ്പെട്ട് ഒരു സർക്കുലർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടൂറിനിടെ ആൺ കുട്ടികളും പെൺകുട്ടികളും ഒന്നിച്ച് ഇരിക്കരുതെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നും ആൺ കുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യരുതെന്നുമൊക്കെയാണ് സർക്കുലറിലെ നിർദേശങ്ങൾ. കൊല്ലം എസ് എൻ കോളജിലേതെന്ന അവകാശവാദവുമായാണ് സർക്കുലർ പ്രചരിക്കുന്നത്. എന്നാൽ സർക്കുലർ കോളജിലേത് അല്ലെന്ന് പ്രിൻസിപ്പൽ നിഷ തറയിൽ ട്വന്റിഫോറിനോട് പറഞ്ഞു. താൻ ഇറക്കിയ സർക്കുലറാണെങ്കിൽ തന്റെ ലെറ്റർ പാഡിലേ ഇറക്കുകയുള്ളുവെന്നും അതിൽ തന്റെ ഒപ്പും കോളജ് സീലും പതിച്ചിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. പ്രചരിക്കുന്ന സർക്കുലറിൽ കോളജിന്റെ പേരോ, സീലോ, പ്രിൻസിപ്പലിന്റെ ഒപ്പോ ഇല്ല.
എസ്എൻ കോളജിലെ ജേണലിസം വിഭാഗത്തിന്റെ ടൂറുമായി ബന്ധപ്പെട്ടാണ് സർക്കുലർ പുറത്തിറങ്ങിയതെന്നാണ് സമൂഹമാധ്യമങ്ങളിൽ അവകാശവാദം. രണ്ട് ദിവസം മുൻപാണ് ടൂർ ആരംഭിച്ചത്. മറ്റന്നാളോടുകൂടി വിദ്യാർത്ഥികൾ യാത്ര കഴിഞ്ഞ് മടങ്ങിയെത്തും. വിദ്യാർത്ഥികൾക്കിടയിൽ സർക്കുലറിലേത് പോലുള്ള മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നാണ് എസ്എൻ കോളജ് എസ്ഫഐ ജില്ലാ സെക്രട്ടറി വിഷ്ണു ട്വന്റിഫോറിനോട് പറഞ്ഞത്. കോളജ് ഇത്തരം ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്‌ഐ പ്രസ്താവന ഇറക്കിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എസ്എഫ്‌ഐ ‘സദാചാരം പടിക്ക് പുറത്ത്’ എന്ന ബാനറും ഉയർത്തി.