അമ്മൂമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാലക്ക് പകരം മുക്കുപണ്ടം ഇട്ട് മാല കവര്‍ന്നു, പൊലീസ് ചെറുമകനെ പൊക്കി,

അമ്മൂമ്മയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച ചെറുമകന്‍ പിടിയില്‍. മുക്കുപണ്ടം പകരം അണിയിച്ചാണ് ഇയാള്‍ സ്വര്‍ണ്ണമാല കവര്‍ന്നത്.

പള്ളിപ്പാട് തെക്കേക്കര കിഴക്കതില്‍ ശ്രുതിഭവനത്തില്‍ സുധീഷിനെ(26)യാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജനുവരി 26-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്
രാത്രിയില്‍ വീട്ടിലെ ഹാളില്‍ തറയില്‍ ഉറങ്ങി കിടന്ന അമ്മൂമ്മ പൊന്നമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കളവ് പോകുകയായിരുന്നു.

വീട്ടുകാരുടെ പരാതിയില്‍ ഹരിപ്പാട് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെ കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് വ്യക്തമായി.
ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തില്‍ വരവ് മാല ഇട്ട ശേഷം സ്വര്‍ണമാല കവരുകയായിരുന്നു.

പള്ളിപ്പാട് ഭാഗത്ത് വച്ചാണ് പൊലീസ് സുധീഷിനെ പിടികൂടിയത്. ഹരിപ്പാട് സ്റ്റേഷനില്‍ നിരവധി കേസ്സുകളിലെ പ്രതിയാണ് സുധീഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഹരിപ്പാട് ഐ എസ് എച്ച്‌ ഒ ശ്യാംകുമാര്‍, എസ് ഐമാരായ ശ്രീകുമാര്‍, ഷൈജ, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.