മൂന്നാറിൽ ഒറ്റയാൻ പടയപ്പ വീണ്ടും കെഎസ്ആർടിസി ബസ് ആക്രമിച്ചു. മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയിലേക്ക് പോവുകയായിരുന്ന ബസ്സിന് നേരെ പുലർച്ചെയായിരുന്നു ആക്രമണം. നയമക്കാട് എസ്റ്റേറ്റ് പരിസരത്ത് വെച്ചാണ് സംഭവം ഉണ്ടായത്. ബസ്സിന്റെ മുൻവശത്തെ ഗ്ലാസ് ആന കുത്തിപ്പൊട്ടിച്ചു. യാത്രക്കാരും ജീവനക്കാരും ഇതോടെ പരിഭ്രാന്തരായി. ഗ്ലാസ് തകർത്ത ശേഷം ആന പിന്തിരിഞ്ഞു പോയതോടെയാണ് ആശ്വാസമായത്. ചില്ല് തകർന്നതോടെ യാത്ര തുടരാൻ ആവാത്തതിനാൽ സർവീസ് ഇന്നത്തേക്ക് ഉപേക്ഷിച്ചു. രണ്ടുദിവസം മുൻപും നയമക്കാട് എസ്റ്റേറ്റ് പരിസരത്ത് വച്ച് പടയപ്പ കെഎസ്ആർടിസി ബസ് ആക്രമിച്ചിരുന്നു.