ഭാര്യയോട് അശ്ലീലം പറഞ്ഞു, കൈപിടിച്ച് തിരിച്ചു, ഹോളോബ്രിക്സ് കൊണ്ട് ഏറ്; എസ്ഐയ്ക്കും ഭാര്യക്കും നേരെ ആക്രമണം

തിരുവല്ലം: തിരുവനന്തപുരം പുഞ്ചക്കരിയിൽ എസ്ഐക്കും ഭാര്യയ്ക്കും നേരെ യുവാക്കളുടെ ആക്രമണം. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ എസ്.ഗിരീഷ്കുമാർ(50), ഭാര്യ ശ്രീകല(48) എന്നിവർക്കു നേരെയാണ് ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് നിന്ന എസ്.ഐയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.   ഇന്നലെ രാവിലെയാണ് ആക്രമണം നടന്നത്. ഹോളോബ്രിക്സ് കട്ട കൊണ്ടുള്ള ഏറിൽ ഗിരീഷിന്റെ മുഖത്തും നെഞ്ചിലും പരുക്കേറ്റു.ഭാര്യയുടെ കൈക്ക് പരിക്കുണ്ടായി. സംഘത്തിലെ ഒരാളെ  നാട്ടുകാർ പിടികൂടി തിരുവല്ലം പൊലീസിനു കൈമാറി. ഇവർ വന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിനോട് ചേർന്ന വീട്ടിൽ പൊങ്കാലയിടാൻ മുറ്റം തൂത്തു വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം  അസഭ്യം പറയുകയും  കൈയിൽ പിടിച്ചു തിരിക്കുകയായിരുനന്നുവെന്നും എസ്ഐ ഗിരീഷ് പറഞ്ഞു. സംഭവം കണ്ട് ഓടി എത്തുമ്പോഴാണ് അക്രമികൾ ഹോളോ ബ്രിക്സ് കട്ട എടുത്ത് ഗിരീഷിന് നേരെ എറിഞ്ഞത്. മുഖത്തേറ്റ മുറിവിന് മൂന്ന് തുന്നലുണ്ട്. കല്ലേറേറ്റ് എസ്ഐയുടെ നെഞ്ചിലും  പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐയെയും ഭാര്യയും ആക്രമിച്ച സംഘത്തിലെ ആഴാകുളം സ്വദേശി രാഹുൽ(19) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും പിടികിട്ടാനുള്ള കൂട്ടു പ്രതിയായ അജയ് (19)യും നേരത്തെ മോഷണ കേസുകളിലെ പ്രതികളാണെന്നും സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും  തിരുവല്ലം പൊലീസ് പറഞ്ഞു.