സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാന്‍ നീക്കം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് അഞ്ചു വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിതമായി സ്ഥലംമാറ്റാനാണ് തീരുമാനം. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി
ഇക്കാര്യത്തില്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ അധ്യയനവര്‍ഷം പരിഷ്‌കാരം നടപ്പാക്കുമോയെന്ന കാര്യത്തില്‍ വ്യക്തമല്ല. വര്‍ഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനവും വേണ്ടിവരും. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ അധ്യാപകരാണ് പുതിയ നയത്തിന്റെ പരിധിയില്‍ വരിക. അഞ്ചുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റം ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഇപ്പോള്‍ തന്നെയുണ്ട്. സംസ്ഥാന യോഗ്യതാ പട്ടിക അനുസരിച്ചാണ് ഹയര്‍ സെകന്ററി അധ്യാപകനിയമനം
ജില്ലാതല പി.എസ്.സി. പട്ടികയില്‍ നിന്നാണ് എല്‍.പി., യു.പി., ഹൈസ്‌കൂളുകളില്‍ നിയമനം. അതുകൊണ്ടുതന്നെ നിയമനം ലഭിച്ച ജില്ലയില്‍തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാകും പുതിയ നയവും.അധ്യാപകര്‍ ഒരേ സ്ഥലത്തുതന്നെ തുടരുന്നത് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തലിലാണ് ഈ തീരുമാനം. കഴിവുറ്റ അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാനും സ്ഥലംമാറ്റ പരിഷ്‌കാരം സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.